കോതമംഗലം : സാധ്യതാ പഠനത്തിന്റെ ഭാഗമായി കിഫ്ബി സിഇഒ കെ.എ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ആലുവയിലെത്തും. ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കോതമംഗലം വരെയുള്ള 38.6 കിലോമീറ്റർ ദൂരമാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ബഹുഭൂരിഭാഗം വരുന്ന 21 കിലോമീറ്റർ ദൂരം പെരുമ്പാവൂർ മണ്ഡലത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മുപ്പത് മുതൽ നാൽപ്പത് മീറ്റർ വരെ ഈ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. സമൂഹ്യാഘാത പഠനം നടത്തിയതിന് ശേഷമാകും ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്. ഈ റോഡ് ഏറ്റവും ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനും വെള്ളക്കെട്ട് ഉൾപ്പെടുന്ന പ്രദേശത് റോഡ് ഉയർത്തി കാനകൾ നിർമ്മിക്കുന്നതിനും കൈവരികൾ സ്ഥാപിക്കുന്നതിനുമുള്ള 134 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ രൂക്ഷമായ ഗതാഗത കുരുക്ക് കൂടി കണക്കിലെടുത്ത് പദ്ധതി നാല് വരി പാതയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞ ആഴ്ച്ച എം എൽ എ മാരുടെ യോഗം നിർദ്ദേശിക്കുകയായിരുന്നു.
ആലുവ മൂന്നാർ റോഡിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി നാലുവരി പാത നിർമ്മിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുവാൻ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ആന്റണി ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. നവംബർ മാസത്തിൽ ചേരുന്ന കിഫ്ബി ഗവേണിംഗ് ബോഡി പദ്ധതിക്കുള്ള അന്തിമാനുമതി നൽകുമെന്നാണ് പ്രതീക്ഷ. റോഡിന്റെ ഇരു വശങ്ങളിൽ നിന്നുമായി അഞ്ചര മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കൈയേറ്റങ്ങൾ പിടിച്ചെടുത്തും വളവുകൾ നിവർത്തിയും ജംഗ്ഷനുകളിൽ ഗതാഗതം സുഗമമാക്കുന്ന രീതിയിലുമായിരിക്കും റോഡ് പണിയുക. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മൂന്ന് വർഷം കാലതാമസം വേണ്ടി വരുന്നതിനാൽ സുഗമമായ യാത്രക്കായി ആലുവ മൂന്നാർ റോഡ് ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ നവീകരിക്കും.
You must be logged in to post a comment Login