പെരുമ്പാവൂർ : ആലുവ മൂന്നാർ റോഡിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മണ്ഡലത്തിൽ വരുന്ന ഭാഗത്തെ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ശബരിമല പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ പ്രീ ക്വാളിഫൈഡ് ടെണ്ടറിന് അംഗീകാരം ലഭിച്ചു എന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. സംസ്ഥാനപാതയായ ആലുവ -മൂന്നാർ റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി ആലുവ നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച് കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിലൂടെ കോതമംഗലം നിയോജക മണ്ഡലത്തിൽ അവസാനിക്കുന്ന റോഡ് നിലവിൽ പല ഭാഗങ്ങളിലും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി നിരവധി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യവും എൽദോസ് കുന്നപ്പിള്ളി എംഎൽഎ കഴിഞ്ഞ നിയമസഭയിൽ ശ്രദ്ധയിൽപ്പെടുത്തുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നേരിട്ട് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശബരിമല പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി കുറുപ്പംപടി പിഡബ്ല്യുഡി സെക്ഷനിൽ കീഴിലുള്ള വരുന്ന ഇരിങ്ങോൾ റോട്ടറി ക്ലബ്ബ് മുതൽ ഓടക്കാലി വരെയുള്ള ഭാഗം ടാറിങ് ചെയ്യുന്നതിനുവേണ്ടി 7 കോടി രൂപ യ്ക്ക് ഭരണാനുമതി ലഭിച്ചത്.
നൂറ് കണക്കിന് വാഹനങ്ങൾ സദാ സമയവും സഞ്ചരിക്കുന്നതും മൂന്നാർ, തേക്കടി അടക്കമുള്ള ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായി ആയിരക്കണക്കിന് ടൂറിസ്റ്റുകൾ യാത്ര ചെയ്യുന്നതും ഈ റോഡിലൂടെയാണ്.
റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നാലുവരിപ്പാത യായി ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള പ്രസ്തുത റോഡിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിലാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
ആലുവ മുതൽ കോതമംഗലം വരെ 35.26 കിമി ദൂരത്തിൽ വാഹന പെരുപ്പം പരിഗണിച്ച് 23 മീറ്റർ വീതിയിലുള്ള റോഡിന്റെ നിർമ്മാണത്തിനായി ഇൻവെസ്റ്റിഗേഷൻ നടത്തി 1051 കോടി രൂപയുടെ ഡിപിആർ കിഫ്ബിയിൽ സമർപ്പിച്ചിരുന്നു.
നാലുവരി പാതക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിലെ റോഡിൽ താൽക്കാലികമായി പ്രീ മൺസൂൺ പണികളിലും മറ്റും ഉൾപ്പെടുത്തി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ അപകടകരമായ കുഴികൾ അടച്ചിരുന്നു. കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.കെ.ജെ ഇൻഫ്രാസ്ട്രക്ചർ ആണ് ആലുവ മൂന്നാർ റോഡിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. റോഡിന്റെ ലെവൽസ് എടുക്കുന്ന ജോലികൾ പൂർത്തീകരിച്ച് വേഗത്തിൽ നിർമ്മാണം ആരംഭിക്കും. നിലവിലെ രണ്ടു വരി പാത ബിഎം ബിസി നിലവാരത്തിൽ ടാറിങ് ചെയ്യുന്നതോടുകൂടി മൂന്നാർ റോഡിലൂടെ സഞ്ചരിക്കുന്ന ആളുകൾക്ക് യാത്ര സുഖകരമാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .