കോതമംഗലം :സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ സെന്റ്. തോമസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റം മാത്രമല്ല ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ന്യായമായ, നിയമപരമായ ഇടപെടൽ കാര്യക്ഷമമാക്കുക കൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഫയൽ അദാലത്തുകൾ, പരാതി പരിഹാര അദാലത്തുകൾ തുടങ്ങിയവയിലൂടെ നീതിയും ന്യായവും താമസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മുൻവർഷത്തെ അദാലത്തിൻ്റെ ഫല പ്രാപ്തി കണ്ടാണ് സർക്കാർ വീണ്ടും അദാലത്ത് സംഘടിപ്പിക്കുന്നത്. ചട്ടങ്ങളുടെ വ്യാഖ്യാനം മൂലമാണ് പല പ്രശ്നങ്ങളും ചുവപ്പുനാടയിൽ കുരുങ്ങുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അദാലത്തിൽ ഉയരുന്ന പ്രശ്നങ്ങൾ പഠിച്ച് ചട്ടങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എം എൽ എ മാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി,
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്,
മലയാറ്റൂർ ഡി എഫ് ഒ കുറ ശ്രീനിവാസ്, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം റഷീദ സലിം, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാതു, വാ൪ഡ് കൗൺസില൪ ഷിബു കുര്യാക്കോസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, മുവാറ്റുപുഴ ആ൪ഡിഒ പി.എ൯. അനി, ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, തഹസിൽദാർ മായാ എം തുടങ്ങിയവർ പങ്കെടുത്തു.
കരുതലും കൈത്താങ്ങും അദാലത്തിൽ ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് തുടർ പരിശോധനകൾ ഫെബ്രുവരി ആദ്യവാരം എറണാകുളം ജില്ലയിൽ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജനുവരി 20 ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആദ്യ അവലോകന യോഗം ചേരും. തുടർന്ന് മന്ത്രിതല അവലോകന യോഗം ചേരും. ഓരോ പത്ത് ദിവസം കഴിയുമ്പോഴും തുടർനടപടികൾ സംബന്ധിച്ച് അവലോകന യോഗം ചേരും. കൂടുതൽ പരാതി ലഭിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ തുടർ നടപടികൾ സംബന്ധിച്ച് ഉറപ്പാക്കണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളുടെ തീരുമാനങ്ങൾ സംബന്ധിച്ച് സബ് കളക്ടർ, ആർഡിഒ എന്നിവർ ഉറപ്പാക്കണം. അദാലത്തിൽ ലഭിച്ച പുതിയ അപേക്ഷകളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് നേടുമെന്നും മന്ത്രി പറഞ്ഞു.