കോതമംഗലം: കോതമംഗലം താലൂക്കിൽ 1964 ലെ പതിവ് ചട്ടങ്ങൾ പ്രകാരം കാർഷിക ആവശ്യത്തിനായി റവന്യൂ തരിശ് ഭൂമിയുടെ പതിവ് നടപടികൾ ആരംഭിക്കുവാൻ ഇന്ന് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.1/8/1971 നു മുൻപായി റവന്യൂ ഭൂമി കൈവശം വച്ച് കൃഷി ചെയ്തു ജീവിച്ചു വരുന്ന കർഷകർക്ക് സൗജന്യമായും ടി തിയതിക്കു ശേഷമുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായും പതിച്ച് നൽകുവാനാണ് തീരുമാനമായതെന്നും എംഎൽഎ പറഞ്ഞു.കോതമംഗലം താലൂക്കിലെ പട്ടയ നടപടികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് 18/11/2019 ൽ ബഹു: റവന്യൂ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ റവന്യൂ – വനം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഉന്നത തല യോഗം ചേർന്നിരുന്നു. പ്രസ്തുത യോഗത്തിന്റെ തുടർച്ചയായിട്ടാണ് കളക്ട്രേറ്റിൽ യോഗം ചേർന്നത്.
1971 നു മുൻപ് ഭൂമി കൈവശം വച്ചിട്ടുള്ളവർക്ക് സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും,ഹിൽട്രാക്ട് പ്രദേശങ്ങളിൽ 4 ഏക്കർ വരെയും ഭൂമി പതിച്ച് നൽകുന്നതിനും 1971 നു ശേഷം ഭൂമി കൈവശമുള്ളവർക്ക് സമതല പ്രദേശങ്ങളിൽ 1 ഏക്കറും,ഹിൽട്രാക്ട് പ്രദേശത്ത് 3 ഏക്കറുമാണ് പതിച്ച് നൽകുന്നത്.പട്ടയത്തിനു വേണ്ടിയുള്ള അപേക്ഷകൾ നാളെ മുതൽ താലൂക്ക് ഓഫീസിൽ സ്വീകരിച്ചു തുടങ്ങുമെന്നും, പട്ടയത്തിനായി കാത്തിരിക്കുന്ന 100 കണക്കിന് കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നും,തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ അറിയിച്ചു.
You must be logged in to post a comment Login