പെരുമ്പാവൂർ : സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്ന അഗതി മന്ദിരങ്ങൾക്ക് ഭക്ഷണ സാമഗ്രികളും മരുന്നുകളും ലഭ്യമാക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന പല അനാഥ മന്ദിരങ്ങളും ഇപ്പോൾ ബുദ്ധിമുട്ടിലാണ്. സുമനസ്സുകൾ നൽകി വന്നിരുന്ന സംഭാവനകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ ഗണ്യമായി കുറഞ്ഞു. അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവർക്ക് കരുതി വെച്ചിരുന്ന ഭക്ഷണ സാമഗ്രികളും മരുന്നുകളും കുറഞ്ഞു വരികയാണ്.
ഗുരുതരമായ പ്രതിസന്ധിയാണ് സമൂഹ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നേരിടുന്നത്. മാനസികമായി ബുദ്ധിമുട്ടുന്നവർ ഉൾപ്പെടെ നിരവധി രോഗങ്ങൾ അലട്ടുന്നവർ ഉൾപ്പെടെയുള്ളവരെ അധിവസിപ്പിക്കുന്ന അനവധി അനാഥ മന്ദിരങ്ങൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഇവർക്ക് നൽകുവാനുള്ള മരുന്നുകൾ ഇല്ലാതാവുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഭക്ഷ്യ സാധനങ്ങൾ, മരുന്നുകൾ എന്നിവ ഈ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ പരിശോധിച്ചു എത്രയും വേഗത്തിൽ നടപടികൾ സ്വീകരിക്കണാമെന്ന് എൽദോസ് കുന്നപ്പിള്ളി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.