കോതമംഗലം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ കോതമംഗലം താലുക്ക് ആശുപത്രിക്ക് അടിയന്തര സഹായമായി 13 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി വെളിപ്പെടുത്തി. കോവിഡ് 19 വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടന്ന് അറിയാനിടയായ സാഹചര്യത്തിൽ ബന്ധപ്പെട്ട ആവശ്യം മനസിലാക്കി കോതമംഗലം മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയിലെയ്ക്ക് അത്യാവശ്യ ഉപകരണങ്ങൾ വാങ്ങുന്നതിനായി അടിയന്തര സഹായമായി 13.5 ലക്ഷം രൂപ എംപി (എം.പി.എൽ.എ.ഡി.എസ്) ഫണ്ടിൽ നിന്നും അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഡീഫിബ്രിലേറ്റർ, മൾട്ടി പാരാമീറ്റർ മോണിറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ, ലോർഗ്രോസ്കോപ്പ്, പൾസ് ഓക്സി മീറ്റർ, പിപിഇ കിറ്റ്, ഇൻഫ്യൂഷൻ പമ്പ് തുടങ്ങിയ ക്രിട്ടിക്കൽ കെയർ ഉപകരണങ്ങളും എൻ 95 മാസ്ക്ക്, സർജിക്കൽ ഗ്ലൗസ്, ഒ2 മാസ്ക്ക്, ആംബു ബാഗ്, യുട്ടിലിറ്റി ഗ്ലൗസ്, ബി.പി അപ്പാരറ്റസ്, വാഷിങ് മെഷീൻ തുടങ്ങിയവയും വാങ്ങിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസി സഹോദരങ്ങൾ അതിവസിക്കുന്ന പ്രദേശമുൾപ്പെടുന്ന കോതമംഗലം താലുക്ക് ആശുപത്രിയിൽ ഇനിയും കൂടുതൽ മെച്ചപ്പെട്ട ചികിൽസാ സൗകര്യങ്ങൾ ഒരുക്കുമെന്നും MP അറിയിച്ചു.