കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍ റെജി മാമച്ചന്‍ (54)നെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2023 ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പതമായ സംഭവം. ചേലാട് സ്വദേശിയായ മറ്റത്തിയാനിക്കല്‍ അനന്തു(23) വിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
അനന്തുവിന്റെ കുടുംബ കാര്യത്തില്‍ റെജി ഇടപെട്ടത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. അനന്തുവിന്റെ വീട്ടില്‍ അതിക്രമിച്ച കയറിയ റെജി അസഭ്യം പറയുകയും, കയ്യില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ച് പൊള്ളല്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷനായി അഡ്വ. സാബു ജോസഫ് ചാലില്‍ ഹാജരായി. കോതമംഗലം പോലീസാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.ടി. ബിജോയ്, എസ്‌ഐമാരായ ആല്‍ബിന്‍ സണ്ണി, ഷാജി കുര്യാക്കോസ്, റ്റി.എം ഇബ്രാഹിം എന്നിവരാണ് ഉണ്ടായിരുന്നത്.
