Connect with us

Hi, what are you looking for?

EDITORS CHOICE

പട്ടു സാരിയില്ല, സ്വർണ്ണാഭരണങ്ങളില്ല, പുതിയ കുപ്പായങ്ങൾ പോലുമില്ലാതെ ഒരു വിവാഹം.

മുവാറ്റുപുഴ :പശ്ചിമ ബംഗാളിലെ മലയാളി സാമൂഹിക പ്രവർത്തകൻ മുവാറ്റുപുഴ പേഴക്കാപ്പിള്ളി നാസർ ബന്ധുവിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. നിരവധി പേരാണ് നാസർ തന്റെ ഫേസ്ബുക്കിൽ കുറിച്ച വിവാഹ കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്. ബംഗാളിലെ ചേരി നിവാസികളുടെ ആശ്രയമായി മാറിയ നാസർ ബന്ധുവിന്റെ വിവാഹംആർഭടങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായിരുന്നു. ബന്ധു എന്നാൽ ബാംഗ്ള ഭാഷയിൽ സുഹൃത്ത് എന്നാണർത്ഥം. ഒരു തരി പൊന്നുപോലും ഇല്ലാതെയാണ് മലപ്പുറം തിരൂർ വെട്ടം സ്വദേശിനി നസിബയേ മുവാറ്റുപുഴ,പേഴക്കാപ്പിള്ളി പുന്നോട്ടിൽ അലിയാരുടെയും, സഫിയയുടേയും മകനായ നാസർ തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.

ബംഗാളിലെ പിന്നോക്ക ഗ്രാമമായ ചക്കളയിലെ നിർധന കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും, അവിടുത്തുകാരുടെ ദാരിദ്രം അകറ്റാനുള്ള പദ്ധതികളുമായി 10 വർഷത്തിലധികമായി സന്നദ്ധ പ്രവർത്തകനായി കഴിയുകയാണ് നാസർ ബന്ധു.
അങ്ങനെയിരിക്കെ കഴിഞ്ഞ സെപ്തംബർ ആദ്യത്തിലാണ് നാസറിന്റെ പ്രിയപ്പെട്ട സുഹൃത്ത് പി.ബി.എം.ഫർമീസ് വിളിച്ച് അദ്ദേഹത്തിൻ്റെ ഒരു സഹപ്രവർത്തക ഒരു സോളോ ട്രിപ്പ് ചെയ്ത് കൊൽക്കത്തക്ക് വരുന്നു. പേര് നസീബ എന്നാണ് എന്ന് പറയുന്നത്.നാസറിന്റെ ഫോൺ നമ്പർ കൊടുക്കുന്നു . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്ന് പറയുന്നു . ധാരാളം പേർ അങ്ങനെ വരുന്നതാണന്ന് നാസർ പറഞ്ഞു.

സെപ്തംബർ ഇരുപതിനാണ് നാസർ കുറച്ച് ഒഫീഷ്യൽ പണികൾക്കായി കൊൽക്കത്തക്ക് പോകുന്നത്. കനത്ത മഴയുള്ള ദിവസമായിരുന്നു അന്ന്. മഴ കാരണം പോയ കാര്യങ്ങൾ നടക്കാതെ വന്ന് തിരികെ ഗ്രാമത്തിലേക്ക് വരാൻ തുടങ്ങുമ്പോഴാണ് നസീബ, നാസറിനെ വിളിക്കുന്നത്. ഞാൻ കൊൽക്കത്തയിൽ എത്തി. നിങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിളി. എങ്കിൽ നസിബയെയും കൂട്ടി ഗ്രാമത്തിലേക്ക് പോകാം എന്ന് കരുതിയാണ് നാസർ ഹൗറയിലേക്ക് ബസ് കയറിയത്. കനത്ത മഴയിൽ ഹൗറ ബ്രിഡ്ജിൻ്റെ തുടക്കത്തിൽ കുട ചൂടി നിൽക്കുന്ന നസീബയെ കണ്ടു. ചായ കുടിച്ചു. ഏതായാലും ഒരു പകുതി ദിനമുണ്ട്. കാഴ്ചകൾ കണ്ട് വൈകുന്നേരത്തോടെ ഗ്രാമത്തിലേക്ക് പോകാം എന്ന് കരുതി.

അങ്ങനെ അവർ ബോട്ടിൽ ഹൂഗ്ലി നദി കടന്നു , ഹൗറ ബ്രിഡ്ജ് കണ്ടു , ബാഗ് ബസാറിൽ ഇറങ്ങി, കുമാർ തുളിയിലൂടെ നടന്നു, മെട്രോയിൽ കയറി, കാളിഘട്ട് ക്ഷേത്രം കണ്ടു , മദർ തെരേസയുടെ നിർമൽ ഹൃദയ് കണ്ടു , ടിപ്പു സുൽത്താൻ മസ്ജിദ് കണ്ടു , കെ.സി.ദാസിൽ കയറി മധുരം കഴിച്ചു, ന്യൂ മാർക്കറ്റിലൂടെ നടന്നു , പലയിടത്തു നിന്നും ചായ കുടിച്ചു. സിയാൽയിൽ നിന്നും ഗ്രാമത്തിലേക്കുള്ള ട്രെയിൻ കയറുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.
കേരളത്തിൽ നിന്നും ഹസീബ് എന്ന ചെറുപ്പക്കാരൻ ജീപ്പ് ഓടിച്ചു കൊണ്ടുവന്ന ദിവസങ്ങളായിരുന്നു അത്. തുടർന്നുള്ള ഏതാനും ദിനങ്ങൾ അനുരാധയും ഹസീബും ആനന്ദും അമലും എല്ലാവരും കൂടി ചെറിയ യാത്രകളും സേവന പ്രവർത്തനങ്ങളും എല്ലാം കൂടി സജീവമാക്കി. അന്ന്, ഒരു വ്യാഴാഴ്ച രാവിൽ നാസറിന്റെ ഗ്രാമത്തിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സയ്യിദ് അബ്ബാസ് അലിയുടെ ദർഗയിലേക്ക് ഖവാലി കേൾക്കാൻ പോയി. പന്ത്രണ്ടാം നൂറ്റാണ്ടിൽ മക്കയിൽ നിന്നും ബംഗാളിൽ എത്തിയ സൂഫിവര്യനാണ് സയ്യിദ് അബ്ബാസ് അലി.

പൗർണമിയോടടുത്ത നിലാവും ജീപ്പിൻ്റെ ശബ്ദവും നീളത്തിലുള്ള ഗ്രാമ പാതയും ചേർന്ന അപാര കോമ്പിനേഷൻ ആസ്വദിച്ച് യാത്ര ചെയ്യുന്നതിനിടയിൽ അവർ നിലാവ് കാണാൻ ജീപ്പ് നിർത്തി.
അന്നേരമാണ് നാസറിന് നസീബയോട് ഇഷ്ടം തോന്നിയത്. കാരണമറിയാതെ ഒരാളോട് ഇഷ്ടം തോന്നുന്നതിനൊരു ഭംഗിയുണ്ട്. ഉള്ളിൽ നിന്ന് വരുന്ന ഇഷ്ടമാണത്.നാസർ വാചാലനായി.
ദർഗയിൽ ഖവാലി കേട്ടിരിക്കുന്നതിനിടയിൽ ഞങ്ങൾ ചായ കുടിക്കാൻ ഇറങ്ങി. ചായ കുടിച്ച് ഇരിക്കുന്നതിനിടയിൽ ആണ് ഞാൻ നസീബയോട് എനിക്ക് നിന്നോട് പ്രണയം തോന്നുന്നു എന്ന് പറഞ്ഞത്. അത് കേട്ട് എല്ലാവരും ചിരിച്ചു. ചായ കുടിച്ചു. മുതിർന്ന ഒരാളോട് പെട്ടെന്നൊരു പ്രണയം പറയുന്നതിൻ്റെ അഭംഗി തിരിച്ചറിഞ്ഞതിനാൽ “ഞാൻ ആ പ്രണയം തീർന്നു പോയി… ” എന്ന് പറഞ്ഞ് ആ വർത്തമാനത്തെ നേർപ്പിച്ചെടുത്തു. എങ്കിലും ആ ഇഷ്ടം അങ്ങനെ നിലനിന്നതിനാൽ ആണ് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ സംസാരിച്ചത്.
നസീബയ്ക്ക് തുടർച്ചയായ വിവാഹ അന്വേഷണങ്ങൾ വരുന്നതിനാൽ അതിനെ ഒന്ന് സ്ലോ ആക്കാൻ ആയി ഞങ്ങൾ രണ്ട് പേരുടേയും വീടുകളിൽ സംസാരിച്ചു. അങ്ങനെ വീട്ടുകാർ ഏകദേശം വിവാഹം തീരുമാനിക്കുകയും ചെയ്തു.

എങ്കിലും ഞങ്ങൾ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ചെറിയ ഒരു കാലത്തെ പരിചയം, തികച്ചും വ്യത്യസ്തമായ പശ്ചാത്തലം അങ്ങനെ പല കാരണങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്ക്.
അങ്ങനെയാണ് കൂടുതൽ സംസാരിക്കാനും ഒരു തീരുമാനം എടുക്കാനുമായി ബംഗാൾ യാത്രക്ക് ഞാൻ നസീബയെ ക്ഷണിക്കുന്നത്. മറ്റ് ഇരുപത്തി നാല് പങ്കാളികളോടൊപ്പം നസീബയും ബംഗാൾ യാത്രയിൽ പങ്കെടുക്കുന്ന ഒരാളായി. ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെയാണ് നാസർ വിവാഹം കഴിച്ചത്. വിവാഹം കഴിക്കാം എന്ന് നാസറും നസീബയും തീരുമാനിച്ചതിന് ശേഷം എങ്ങനെ ആയിരിക്കണം വിവാഹം എന്ന് പലപ്പോഴായി അവർ സംസാരിച്ചു. എന്തായാലും നസറിന്റെയും, നസീബയുടെയും ഇഷ്ടങ്ങളൊക്കെ ഒരു പോലെയായത് നിയോഗം മാത്രം…. ആ വൈറൽ ആയ കുറിപ്പ് ഇങ്ങനെയാണ്………..
“ഓർമക്കായി ഒരു മോതിരമെങ്കിലും നൽകാം എന്ന് ഞാൻ കരുതിയെങ്കിലും ഒരു ആഭരണവും വേണ്ട എന്ന നസീബയുടെ തീരുമാനം ഞാനും സ്വീകരിച്ചു. ഒരു ആഭരണവും ഇല്ലാതെയാണ് അവൾ വിവാഹത്തിനൊരുങ്ങിയത്.
ഉള്ളതിൽ നല്ല ഉടുപ്പിടുക , പുതിയത് വേണ്ട എന്നതും ഭംഗിയുള്ളൊരു തീരുമാനമായിരുന്നു .

അവൾ സാധാരണ ഒരു ചുരിദാറിട്ടു. ഞാനാണ് പകുതി വാക്ക് തെറ്റിച്ചത്. സ്വന്തമായി രണ്ട് കാർഗോസ് പാൻ്റാണ് ഉള്ളത്. കാർഗോസ് ഇട്ട് നിക്കാഹിന് ഇരിക്കേണ്ട എന്ന് പറഞ്ഞ് പ്രിയപ്പെട്ട സുഹൃത്ത് നിർബന്ധപൂർവം വാങ്ങിതന്ന ജീൻസ് ഇട്ടു. രണ്ട് പേരും പുതിയ ചെരിപ്പ് വാങ്ങി.

നസീബയുടെ വീട്ടിലേക്ക് പോകാനായി രാവിലെ ഇറങ്ങുമ്പോൾ യാത്ര അയക്കാനും പ്രാർത്ഥിക്കാനുമായി പ്രിയപ്പെട്ട തൗഫീഖ് മൗലവിയും ഹംസ ഉസ്താദും വന്നിരുന്നു.

അവർ ഇറങ്ങാൻ നേരം എന്തേ മണവാളൻ ഒരുങ്ങുന്നില്ലേ എന്ന് ചോദിച്ചു. ഒരുങ്ങിയതാണ് ഇത് എന്ന് ഹസൻ മാഷാണ് മറുപടി പറഞ്ഞത്.

ലോക്ഡൗൺ ആയതിനാൽ തൃശൂരിൽ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ കാർ നിർത്തി വിവാഹത്തിൻ്റെ പേപ്പറുകൾ കാണിച്ചു കൊടുത്തു. ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ചപ്പോൾ ഹസൻ മാഷ് പുറകിലിരിക്കുന്ന എന്നെയും നസീബയേയും ചൂണ്ടിക്കാട്ടി. പേപ്പറുകൾ പരിശോധിക്കുകയായിരുന്ന വനിതാ എസ്.ഐ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്.

മഹർ ആയി നസീബ ആവശ്യപ്പെട്ടത് , അനാഥരായ കുട്ടികൾക്ക് നിങ്ങൾ എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നാണ്. അത് ഇരുപത് അനാഥ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ നൽകുക എന്ന ധാരണയിൽ എത്തി വീട്ടിലും പള്ളിയിലും സംസാരിച്ചെങ്കിലും അത് ആദ്യത്തിൽ സ്വീകരിക്കപ്പെട്ടില്ല.

മഹർ – വിവാഹമൂല്യം – അത് സ്വർണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാൻ ഇത്തിരി പ്രയാസപ്പെട്ടു.

മഹർ സ്വർണമായിരിക്കലാണ് ഉത്തമം എന്ന് പള്ളിയിലെ ഇമാം പ്രസ്താവിച്ചതോടെ അദ്ദേഹത്തിൻ്റെ അറിവില്ലായ്മ ഓർത്ത് സഹതാപം തോന്നി.

പക്ഷെ , അയൽക്കാരനും മുതിർന്ന പണ്ഡിതനുമായ ഹംസ ഉസ്താദ് മഹറിനെ പറ്റി അറിഞ്ഞപ്പോൾ വളരെ സന്തോഷിക്കുകയാണ് ഉണ്ടായത്.

പെണ്ണ് ആവശ്യപ്പെടുന്നതാണ് മഹർ ആയി കൊടുകേണ്ടത്. അത് പെണ്ണിൻ്റെ അവകാശമാണ്. വീട്ടുകാരോ മറ്റുള്ളവരോ അല്ല തീരുമാനിക്കേണ്ടത്. അത് ക്വാളി റ്റേറ്റീവോ ക്വാണ്ടിറ്റേറ്റിവോ ആകാം.

മഹർ പൊതുവേ സ്ത്രീകൾ സ്വർണ ആഭരണമായി വാങ്ങി അണിയുകയാണ് പതിവ്. സ്വർണം വാങ്ങാത്ത അപൂർവം ചിലർ വേറെ എന്തെങ്കിലും സ്വന്തമായി സൂക്ഷിച്ചു വക്കാൻ പറ്റുന്ന എന്തെങ്കിലും വാങ്ങും. പക്ഷെ, നസീബ ചോദിച്ചത് അനാഥ കുട്ടികളെ സഹായിക്കാനാണ്. സ്വന്തമായി സൂക്ഷിച്ചു വക്കാനൊന്നുമല്ലാ , മറ്റുള്ളവർക്കൊരു സഹായമാകട്ടെ തൻ്റെ മഹർ എന്ന ആഗ്രഹം എനിക്കേറെ ഇഷ്ടമായി. സത്യത്തിൽ ഒന്നും നമ്മുടെ സ്വന്തം അല്ലല്ലൊ. വല്ലാത്തൊരു തിരിച്ചറിവാണത്. ഇത്രയൊക്കെ എഴുതിയത് ഇതൊരു സംഭവമാണെന്ന് കാണിക്കാനോ മറ്റുള്ളവർക്ക് മാതൃകയാക്കാനോ വേണ്ടിയല്ല. ആളുകൾ എന്തു വിചാരിക്കും, കുടുംബക്കാർ എന്ത് കരുതും എന്നെല്ലാം കരുതി കടം വാങ്ങിയും ലോൺ എടുത്തും വിവാഹം കഴിക്കുന്ന ധാരാളം മലയാളി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. പുതിയത് വാങ്ങാൻ കഴിവില്ലാത്തതിനാൽ അടുത്തിടെ കല്യാണം കഴിഞ്ഞ അയൽക്കാരുടെ യോ കുടുംബക്കാരുടേയോ കടം വാങ്ങിയ ഉടുപ്പും ചെരിപ്പും ധരിച്ച് വിവാഹം കഴിക്കുന്ന ധാരാളം ബംഗാളി സുഹൃത്തുക്കളേയും ഞാൻ കണ്ടിട്ടുണ്ട്.

ഇതിനിടയിൽ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയല്ലാതെ, ഞാനും നസീബയും ആഗ്രഹിച്ച രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചു എന്ന് മാത്രം. വിവാഹം എന്ന ലളിതമായ ഒന്നിനെ എത്ര സങ്കീർണമായ ചടങ്ങുകളിലും ആർഭാടങ്ങളിലുമാണ് തളച്ചിട്ടിരിക്കുന്നത് എന്ന് വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി. കല്യാണ പരിപാടികൾ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത് എന്ന് ചില സുഹൃത്തുക്കൾ കളിയാക്കി ചോദിച്ചു. ഒരു പാലിയെറ്റിവ് കെയറിലെ വളണ്ടിയേഴ്സിനും നാല്‌ അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ഒരു നേരമൊരു ഭക്ഷണം കൊടുക്കലാണ് കല്യാണവിരുന്നിനേക്കാൾ ഭംഗി എന്നാണ് ഞങ്ങൾക്ക് തോന്നിയത്.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...