കോതമംഗലം: കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍ . തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ എല്‍ദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വന്‍ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചത്. നാട്ടുകാരുടെ വിവിധ ആവശ്യങ്ങളില്‍ കളക്ടര്‍ ഉറപ്പ് നല്കി. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്. ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തന്നെ ആരംഭിക്കും. സോളാര്‍ ഫെന്‍സിംഗിന്റെ ജോലികള്‍ 21ന് ആരംഭിക്കും. തൂക്ക് സോളാര്‍ വേലി സ്ഥാപിക്കും. ഉറപ്പുനല്‍കിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോതമംഗലത്ത് ഇന്ന് മൂന്നിന് പ്രതിഷേധ റാലിയില്‍ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎല്‍എക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു.