കീരംപാറ: കീരംപാറ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ മരപ്പട്ടി കുടുങ്ങി. കീരംപാറ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരപ്പട്ടികളുടെ ശല്യം തുടങ്ങിയിട്ട് നാളുകളായി. ആശുപത്രിയുടെ സീലിംഗിനുള്ളില്‍ പെറ്റുപെരുകിയ മരപ്പട്ടികള്‍ വന്‍ നാശനഷ്ടമാണ് ആശുപത്രിയില്‍ വരുത്തിവക്കുന്നത്. പരാതി വ്യാപകമായതോടെ വനം വകുപ്പ് മരപ്പട്ടിയെ പിടികൂടാന്‍ ഒരു കൂട് തയ്യാറാക്കി നല്‍കുകയായിരുന്നു. മരട്ടപ്പട്ടിയുടെ മൂത്രം വീണ് പലപ്പോഴും ലാബിലെ പരിശോധനാ ഉപകരങ്ങള്‍ക്കും കമ്പ്യൂട്ടറിനും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. മരപ്പട്ടികള്‍ കൂട്ടത്തോടെ നടന്ന് സീലിംഗ് പൊളിച്ച് വീഴ്ത്തിയും നഷ്ടം ഉണ്ടാകുന്നുണ്ട്. മരപ്പട്ടികള്‍ മൂലം ഉണ്ടായ നഷ്ടം വനം വകുപ്പ് നല്‍കണമെന്നും, ഇവിടെ അവിശേഷിക്കുന്ന മരപ്പട്ടികളെ ഉടന്‍ വനം വകുപ്പ് പിടിച്ച് കൊണ്ടു പോകണമെന്നും, വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് പറഞ്ഞു.കൂട്ടിലായ മരപ്പട്ടിയെ പിന്നിട് വനം വകുപ്പിന് കൈമാറി. ആശുപത്രി വളപ്പില്‍ അവശേഷിക്കുന്ന മരപ്പട്ടികളെയും പിടികൂടുമെന്ന് പുന്നേക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സിഎസ് ദിവാകരന്‍ പറഞ്ഞു.ദിവസവും 300 ല്‍പ്പരം രോഗികള്‍ വന്നു പോകുന്ന ഇടമാണ് കീരംപാറ കുടുംബാരോഗ്യ കേന്ദ്രം.



























































