ഇഞ്ചത്തൊട്ടി: വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ മേച്ചില്‍ പടുത മോഷ്ടിക്കപ്പെട്ടു. ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പെരിയാര്‍ വാലിയുടെ അനുമതിയോടെ നടത്തിവന്നിരുന്ന കയാക്കിങ്ങ് സര്‍വ്വീസ് ഷെഡ്ഡിലാണ് മോഷണം നടന്നത്. പ്രദേശവാസിയും യുവ സംരംഭകനുമായ ബേസില്‍ കുര്യാക്കോസാണ് പെരിയാര്‍ വാട്ടര്‍ സ്പോര്‍ട്സിന്റെ നടത്തിപ്പുകാരന്. ശനിയാഴ്ച്ച രാത്രിയാണ് മോഷ്ടാക്കള്‍ പടുത അഴിച്ചുകൊണ്ട് പോയതെന്ന് ബേസില്‍ പറഞ്ഞു.
പെഡല്‍ ബോട്ടിലും കയാക്കിലും കയറാന്‍ വരുന്ന സഞ്ചാരികള്‍ക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാനായി ഒരുക്കിയ താല്‍ക്കാലിക ഷെഡ്ഡാണ് ഇതോടെ പ്രവര്‍ത്തനരഹിതമായത്. കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും ചോര്‍ച്ചയില്ലാത്തതുമായ ഉന്നത നിലവാരത്തിലുള്ള പടുത ഏറെ പണം മുടക്കി വാങ്ങിയിട്ടതാണെന്ന് ബേസില്‍ പ്രതികരിച്ചു. കോതമംഗലം പൊലീസില്‍ പരാതി നല്കി നടപടി കാത്തിരിക്കുകയാണ് യുവസംരഭകന്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോട്സ് (എന്ഐഡബ്ല്യുഎസ്) സര്‍ട്ടിഫിക്കറ്റോടുകൂടി പ്രവര്‍ത്തിക്കുന്ന പെരിയാര്‍ വാട്ടര്‍ സ്പോര്‍ട്സ് കുറഞ്ഞകാലം കൊണ്ട് സഞ്ചാരികള്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയിരുന്നു. വിദേശ വിനോദ സഞ്ചാരികളടക്കം മികച്ച റിവ്യൂകളാണ് യുവ ടൂറിസം സംരംഭകര്‍ക്ക് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ സീസണ് മുതല്‍ ഭൂതത്താന്‍കെട്ട് ഡാം വൃഷ്ടി പ്രദേശത്തെ ജല വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ചെറുകിട സംരംഭകര്‍ നടത്തുന്ന സര്‍വ്വീസുകള്‍ നിശ്ചലാവസ്ഥയിലായതോടെ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഭൂതത്താന്‍കെട്ട് ജല വിനോദ സഞ്ചാര മേഖല വന്‍കിട കുത്തകകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
