പെരുമ്പാവൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന 4.130 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി ടാര്‍ജന്‍ പ്രധാനെ ( 38) കുന്നത്തുനാട് എക്‌സൈസ് പിടികൂടി. പെരുമ്പാവൂര്‍ ടൗണ്‍, മാര്‍ക്കറ്റ്, പാത്തിപ്പാലം, ബിവ്‌റേജ് പരിസരം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നുണ്ടെന്ന് കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങള്‍ ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഹോട്ടല്‍ അമല്‍ പാലസിനു സമീപത്ത് നിന്ന് പ്രതിയെ എക്‌സൈസ് അതിസാഹസികമായി പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ബാഗിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്‍. അനുരാജ്, അമല്‍ മോഹന്‍, പി.വി. വികാന്ത്, എ.ബി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
