കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ കോതമംഗലം സ്വദേശി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയില്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ ജുബൈലിന് സമീപം വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയില്‍ ഫൈസല്‍ ആണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗതില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ട്രച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവര്‍ത്തകര്‍ ആരംഭിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഏഴ് മാസം മുമ്പാണ് ട്രെയിലര്‍ ഡ്രൈവറായി ഫൈസല്‍ എത്തിയത്. റിയാദില്‍ നിന്ന്ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം. ഇരുട്ടില്‍ യാതൊരു അടയാളവും ഇല്ലാതിരുന്നതിനാല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നത് കാണാന്‍ സാധിക്കാത്തതാണ് അപകട കാരണം. വലത്തേ കാലിനും നാടുവിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ റെഡ് ക്രസന്റാണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയത്. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാലാണ് ഫൈസല്‍. ഇടുപ്പിന് സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാല്‍ നില അല്‍പം മെച്ചപ്പെടും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് 32,000 റിയാല്‍ നഷ്ടപരിഹാരം ഫൈസല്‍ നല്‍കണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയക്കാന്‍ പോലും ഇദ്ദേഹം തയ്യാറാകുന്നില്ല. ഗോസി ഇന്‍ഷുറന്‍സ് മുഖേനെയാണ് ഇത്രയും ചികിത്സ നടന്നത്. അതിന്റെ പരിധി കഴിഞ്ഞതോടെ അതും അവസാനിച്ചു. പിതാവ് നഷ്ടപ്പെട്ട ൈഫസല്‍ മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്.
