കോതമംഗലം: കോതമംഗലം -തങ്കളം ബൈപ്പാസില്‍ ബീവറേജസ് ഔട്ട്ലെറ്റിന് സമീപം മുനിസിപ്പല്‍ ഓഫിസ് ലിങ്ക് റോഡിന്‍റെ കവാടത്തിൽ റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടു.വാഹനത്തിരക്കും ആള്‍ത്തിരക്കും ഉള്ള ഭാഗമാണിത്.കുഴിയില്‍ ചാടാതിരിക്കാന്‍ പൊടുന്നനെ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുന്നതും ബ്രേക്ക് ചെയ്യുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചോ വഴിയാത്രക്കാരുടെ ദേഹത്ത് തട്ടിയോ ആണ് അപകടമുണ്ടാകുന്നത്. ശ്രദ്ധയില്‍പ്പെടാത്തതുമൂലം പൊടുന്നനെ കുഴിയില്‍ ചാടുന്ന വാഹനങ്ങളുമുണ്ട്.നിയന്ത്രണം നഷ്ടപ്പെടുന്നതിനും വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാകുന്നതിനും ഇത് കാരണമാക്കുന്നുണ്ട്.കഴിഞ്ഞദിവസം കുഴിയില്‍ചാടാതെ വെട്ടിച്ച കാര്‍ ഓടയില്‍ വീണിരുന്നു.
ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞിട്ടുമുണ്ട്.കുഴിയിലെ അഴുക്കുവെള്ളം വഴിയാത്രക്കാരിലും ഇരുചക്രവാഹനങ്ങളിലും തെറിക്കുന്നതും മറ്റൊരു പ്രശ്നമാണ്.വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനേതുടര്‍ന്ന് നിരന്തരം വെള്ളം ഒഴുകിയാണ് റോഡ് തകരാന്‍ കാരണമായത്.പൈപ്പ് പൊട്ടിയകാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും അറ്റകുറ്റപണി നടത്താന്‍ നടപടിയെടുത്തില്ല.ജനപ്രതിനിധികളുടെ ഇടപെടലും ഉണ്ടായില്ല.തുടക്കത്തിലെതന്നെ പൈപ്പ് ലൈനിന്‍റെ അറ്റകുറ്റപണി നടത്തിയിരുന്നെങ്കില്‍ റോഡിന്‍റെ തകര്‍ച്ച ഒഴിവാക്കാമായിരുന്നു.ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നതും തടയാന്‍ കഴിയുമായിരുന്നു.ലിങ്ക് റോഡിന്‍റെ മധ്യഭാഗത്തുകൂടിയാണ് പൈപ്പ് കടന്നുപോകുന്നത്.നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്നതുമൂലമാണ് അടിക്കടി പൈപ്പ് പൊട്ടുന്നതെന്ന് പരിസര വാസികൾ പറഞ്ഞു.
