കോതമംഗലം: മാസങ്ങള്‍ക്ക് ശേഷം കുട്ടമ്പുഴ പുഴയില്‍ കാട്ടാനക്കൂട്ടമെത്തി. ഇനിയുള്ള മാസങ്ങളില്‍ പുഴയില്‍ നീരാടാനും ദാഹശമനത്തിനും കാട്ടാനകള്‍ സ്ഥിരമായി എത്തും. കുട്ടമ്പുഴ പട്ടണത്തോട് ചേര്‍ന്നൊഴുകുന്ന പുഴയില്‍ ഇന്നലെ പകലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പട്ടണത്തിന്റെ മറുകരയുള്ള തുണ്ടത്തില്‍ വനമേഖലയില്‍ നിന്നാണ് ആനക്കൂട്ടം എത്തുന്നത്. കൊമ്പന്‍മാര്‍ക്കൊപ്പം പിടിയാനകളും കുട്ടിയാനകളും കൂട്ടത്തിലുണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ നീരൊഴുക്കും അടിയൊഴുക്കും ശക്തമാണ്.പുഴയിലെ പാറക്കെട്ടുകളില്‍ പറ്റിപ്പിടിച്ച് വളരുന്ന പായല്‍സസ്യങ്ങള്‍ കാട്ടാനക്കൂട്ടത്തിന്റെ ഇഷ്ടഭോജ്യമാണ്. കുളിക്കും കുടിക്കുമൊപ്പം ഈ പായല്‍ കൂടി കഴിക്കാനാണ് കാട്ടാനകള്‍ പുഴയിലിറങ്ങുന്നത്. മറുകരയിലെ വനത്തില്‍ നിന്നെത്തുന്ന ആനക്കൂട്ടത്തെ കാണാനും മൊബൈലില്‍ പകര്‍ത്താനും കുട്ടമ്പുഴ പട്ടണത്തിന്റെ ഓരം ആള്‍ക്കൂട്ടം ചേരുന്നുണ്ട്.
