കോതമംഗലം: കീരംപാറ പഞ്ചായത്തില്‍ രണ്ടാഴ്ചക്കിടെ രണ്ടാമതും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
5-ാം വാര്‍ഡ് ചീക്കോട് തെക്കേച്ചാല്‍ ഭാഗത്ത് നെടുങ്കല്ലേല്‍ ജോര്‍ജിന്റെ പുരയിടത്തില്‍ കയറിയ കാട്ടാനക്കൂട്ടം പൈനാപ്പിള്‍, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണയാണ് ആനക്കൂട്ടം ഇവിടെ കൃഷി നശിപ്പിക്കുന്നത്.
മുന്‍പെങ്ങും ഈ പ്രദേശത്ത് കാട്ടാനകള്‍ എത്തിയിട്ടില്ല. ജനവാസമേഖലയില്‍ വന്യജീവികള്‍ എത്തി മനുഷ്യ ജീവനു ഭീഷണി ഉയര്‍ത്തുന്നതും, കൃഷി നശിപ്പിക്കുന്നതും പതിവായത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. 17 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതി ഉള്ള തടിക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആനവാച്ചര്‍മാരോ ആര്‍ ആര്‍ ടി സം ഘേമോ ഇല്ലാത്തത് കൊണ്ട് ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയാന്‍ കഴിയുന്നില്ല എന്ന് സ്ഥലം സന്ദര്‍ശിച്ച ജനപ്രതിനിധികളും, കര്‍ഷകരും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അടിയന്തിരമായി ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ച് ജനങ്ങളെ വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് ആവശ്യപ്പെട്ടു.



























































