കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ ഒന്നാംവാർഡിൽപ്പെട്ട ചേലമല ഭാഗത്ത് കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. ഒറവലക്കുടിയിൽ പൗലോസിന്റെ ഏഴുപതിലേറെ കുലച്ച വാഴകളാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഫെൻസിംഗ് റബർമരം മറിച്ചിട്ട് തകർത്തശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിൽ കടന്നത്. നേരത്തെയും ഇതേ കൃഷിയിടത്തിൽ ആനകൾ നാശം വിതച്ചിട്ടുണ്ട്. ഇതേതുടർന്നാണ് ഹാങിംഗ് ഫെൻസിംഗ് സ്ഥാപിച്ചശേഷം കൃഷിയിറക്കാൻ പൗലോസ് തീരുമാനിച്ചത്. ഇപ്പോൾ കൃഷി നാശത്തിന് പുറമെ ഫെൻസിംഗിന് ചെലവഴിച്ച പണവും പൗലോസിന് നഷ്ടമായി.
കീരമ്പാറ പഞ്ചായത്തിലെ കാട്ടാനശല്യം പരിഹരിക്കാൻ ഫെൻസിംഗ് നിർമ്മാണം നടന്നുവരികയാണ്. ഫെൻസിംഗ് ഫലപ്രദമാകില്ലെന്ന വാദം ശരിവക്കുന്നതാണ് പൗലോസിന്റെ കൃഷിയിടത്തിലെ ആനശല്യം. നാലര സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിമാത്രമുള്ള വനത്തിലാണ് നിരവധി ആനകൾ തമ്പടിച്ചിരിക്കുന്നത്. ഈ ആനകളെ പെരിയാർ കടത്തി വനത്തിലേക്ക് തുരത്തണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഇതോടൊപ്പം ട്രഞ്ച് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യമുണ്ട്.
