കോതമംഗലം: കുട്ടമ്പുഴ, മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാമലക്കണ്ടം, മാവിൻ ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനീഷ് ജോസഫ് , റോസിലി എന്നിവരുടെ വീടാണ് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം തകർത്തത്. വീടിൻ്റെ വാതിലുകളും, ജനാലകളും തകർത്ത കാട്ടാനകൾ മുറിക്കകത്തെ വീട്ടുപകരണങ്ങളും നശിപ്പിച്ചു.
മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ ഈ വീട് കാട്ടാനകൾ തകർത്തതാണ്. അന്ന് നഷ്ടപരിഹാരം നൽകാമെന്നും, ഫെൻസിംഗ് സംവിധാനം കാര്യക്ഷമമാക്കാമെന്നും അധികൃതർ ഉറപ്പു നൽകിയെങ്കിലും ഇതുവരെ നടപ്പായില്ലെന്ന് വാർഡ് മെമ്പർ സൽമ പരീത് പറഞ്ഞു.
