കോതമംഗലം: കോതമംഗലത്ത് മുസ്ലിം ലീഗില്‍ ഗ്രൂപ്പ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നിയോജകമണ്ഡലം കമ്മിറ്റി കൂടാനാകാതെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പോലീസ് എത്തി പിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം കോതമംഗലം മര്‍ച്ചന്റ്‌സ് റസ്റ്റ് ഹൗസ് ഹാളിലാണ് തര്‍ക്കമുണ്ടായത്. പാര്‍ട്ടി മുഖപത്രത്തിലൂടെ രണ്ടാഴ്ച മുമ്പാണ് നിയോജകമണ്ഡലത്തില്‍ ഏകപക്ഷീയമായ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചുമതലയേറ്റ് പ്രഥമ യോഗം ചേരുവാന്‍ ലീഗ് ഓഫീസില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം വിമത വിഭാഗം എത്തി തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. ഇന്നലെ വൈകുന്നേരം യോഗം ചേര്‍ന്നപ്പോഴാണ് അഹമ്മദ് കബീര്‍ വിഭാഗം പ്രവര്‍ത്തകര്‍ യോഗ ഹാളിലേക്ക് ഇരച്ചുകയറി പ്രവര്‍ത്തകരും നേതാക്കളുമായി തമ്മില്‍ കൈയേറ്റമുണ്ടായത്.
തുടര്‍ന്ന് കോതമംഗലം പോലീസ് എത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിടുകയായിരുന്നു. ജില്ലയില്‍ അഹമ്മദ് കബീര്‍ വിഭാഗവും ഇബ്രാഹിംകുഞ്ഞു വിഭാഗവും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കബീര്‍ വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് കോതമംഗലം. ഇന്നലത്തെ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ജില്ലാ സെക്രട്ടറി വി.ഇ. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് അറിയിപ്പ് ഉണ്ടായിരുന്നത്. നേതാക്കള്‍ വന്ന് മണ്ഡലത്തിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചശേഷം പാര്‍ട്ടി യോഗങ്ങള്‍ നടത്തിയാല്‍ മതിയെന്നുള്ള നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. നിശ്ചിത സമയം കഴിഞ്ഞു നേതാക്കള്‍ എത്താത്തതിനെതുടര്‍ന്നാണ് പ്രഖ്യാപിത കമ്മിറ്റിയുടെ യോഗം തടഞ്ഞതും സംഘര്‍ഷത്തില്‍ കലാശിച്ചതും. സംഘര്‍ഷത്തിന് ശേഷം വിമതപക്ഷക്കാര്‍ പിരിഞ്ഞ് അന്തരീക്ഷം ശാന്തമായതോടെ യോഗം വൈകി തുടര്‍ന്നതായി ഔദ്യോഗിക പക്ഷക്കാര്‍ പറഞ്ഞു.