കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പോത്തുപാറയില്‍ റബര്‍ കമ്പനിക്ക് തീപിടിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടം. അസംസ്‌കൃത വസ്തുക്കളും യന്ത്ര സാമഗ്രികളും കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം ഭാഗികമായി കത്തിനശിച്ചു. അഗ്‌നി രക്ഷാസേന എത്തി മണിക്കൂറുകള്‍ കൊണ്ടാണ് തീകെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 2000 കിലോഗ്രാമോളം ഒട്ടുപാല്‍ കത്തിനശിച്ചു. ഡ്രയര്‍ മെഷീനാണ് തീപിടിച്ചത്. മെഷീന്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര അടക്കം ഭാഗികമായി കത്തിയമര്‍ന്നു. രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഫാക്ടറിയിലെ അഗ്‌നി സുരക്ഷ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് തീയണക്കാന്‍ നടത്തിയ ശ്രമം വിഫലമായി. കോതമംഗലം, മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് എത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പോത്തുപാറ ഭാഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബേസില്‍ നാച്ചുറല്‍ ടിഎസ്ആര്‍ സ്വകാര്യ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ടയര്‍ നിര്‍മാണത്തിനുള്ള ക്രമ്പ് റബറാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഡ്രയര്‍ മെഷീനിലേക്കുള്ള ഗ്യാസ് പ്രവഹിക്കുന്ന ഭാഗത്തുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൂര്‍ണമായ നഷ്ടം കണക്കാക്കി വരുന്നു.
