കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ കാലത്തേ ലോക്ക് ഡൗൺ സമയത്തു വെറുതെ കറങ്ങി നടക്കുവാൻ വേണ്ടി ഇടുക്കി പാറത്തോട് സ്വദേശിയുടെ ഇന്നോവ, കോട്ടപ്പടി മുട്ടത്തുപാറ കണ്ണംകളത്തു വീട്ടിൽ ഗിരീഷ് ബാബു (21) വാടകക്ക് എടുത്ത് കൂട്ടുകാരൻ ശരത്തിന് വണ്ടി ഓടിക്കാൻ കൊടുത്തപ്പോൾ ആണ് അപകടം ഉണ്ടാകുകയും മാത്യുവിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തത്. കോട്ടപ്പടി പ്ലാമൂടി കൂവക്കണ്ടം എടാട്ട്കുടി വീട്ടിൽ ശരത് ശ്രീധരൻ (21) നെതിരെ പോലീസ് നരഹത്യ കുറ്റം ചുമത്തി കോതമംഗലം മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്‌തു.
വണ്ടി വാടകക്കെടുത്ത ഗിരീഷിനും ഓടിച്ച ശരത്തിനും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന ഗുരുതരമായ കുറ്റം പോലീസ് വെളിപ്പെടുത്തുന്നു. ലോക്ക് ഡൗൺ സമയത്തു കറങ്ങി നടന്നപ്പോൾ കോട്ടപ്പടി സ്കൂൾ പരിസരത്തുനിന്നും വണ്ടിയിൽ കയറ്റിയ പരിചയക്കാരെയും വെച്ച് പോകുമ്പോൾ വഴിയരുകിൽ നിന്ന ചിലരുമായി പ്രശ്‌നം ഉണ്ടാക്കിയതായും കോട്ടപ്പടി പോലീസ് വെളിപ്പെടുത്തുന്നു. തുടർന്ന് വടശ്ശേരിയിൽ നിന്ന് തോളേലിക്ക് പോകുമ്പോൾ ആണ് മാത്യുവിന്റെ ഓട്ടോയുമായി കൂട്ടിയിടിക്കുന്നതും. അപകടത്തെത്തുടർന്ന് ഗിരീഷ് ഒഴിച്ച് ബാക്കിയുള്ളവർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെടുകയായിരുന്നു. ശരത് വാവേലി വനത്തിൽ ഒളിവിൽ കഴിയുകയുമായിരുന്നു.
ലൈസൻസ് ഇല്ലാതെ അമിത വേഗത്തിൽ അശ്രദ്ധയോടുകൂടി വാഹനം ഓടിച്ചപ്പോൾ വിട വാങ്ങിയത് കോട്ടപ്പടിയിലെ ഓട്ടോ തൊഴിലാളികളുടെ ജനകീയ മുഖം കൂടിയായിരുന്നു. തോളേലി കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്തുകുട്ടി എന്ന് വിളിക്കുന്ന മാത്യു കെ പോൾ (54) ആണ് അന്ന് നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. തോളേലി സ്കൂളിനും മാത്യുവിന്റെ വീടിന് അടുത്തുമുള്ള റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ അശ്രദ്ധമായി വന്ന ഇന്നോവ കാർ മാത്തുകുട്ടിയുടെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ മാത്തുകുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കോട്ടപ്പടി ചേറങ്ങനാൽ കവലയിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ബിജെപിയുടെ ജനകീയ നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു മരണപ്പെട്ട മാത്യു.
കോട്ടപ്പടി SHO ശ്രീജിത്ത് , SI സാബു എം പീറ്റർ, ASI അബ്‍ദുൾ കരിം, CPO മാരായ ഷിബു ജോൺ, രജിത് എം.ആർ തുടങ്ങിയവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ പെട്ടന്ന് അറിയുവാൻ .. Please Join Our whatsapp group… https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS