പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഈട്ടിപ്പാറ – മോഡേൺ പടി റോഡ് കുഴിച്ച് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു
പോയെന്ന് കാണിച്ച് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പോത്താനിക്കാട് പോലീസിൽ കൊടുത്ത പരാതിയിൽമേൽ പ്രതികളായി പേര് ചേർക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തുവും, വാർഡ് മെമ്പർ ഷാജിമോൾ റഫീഖും രാജിവയ്ക്കണമെ ന്നാവശ്യപ്പെട്ട് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലും, പാർട്ടിയുടെ പതിനാല് ബ്രാഞ്ച് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം
സി പി ഐ എം ജില്ലാ കമ്മിറ്റി അംഗ് പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എം ബക്കർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങൾ ഏരിയാ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്, ബ്ലോക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ എ രമണൻ, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ടാർ റോഡ് കുഴിച്ച് ഇരുന്നൂറ് ലോഡ്മണ്ണ് കടത്തിക്കൊണ്ടുപോയി വിൽപന നടത്തി എന്നതാണ് പോലീസ് കേസ്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കൂടിയായ കെ എം മൈതീൻ
കുറിഞ്ഞിലിക്കാട്ട്, സി പി ഐ എം ലോക്കൽ കമ്മിറ്റി എന്നിവരാണ് വിഷയം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ, കളക്ടർ എന്നിവർക്കും സി പി എം പരാതി നൽകിയിട്ടുണ്ട്.