കോതമംഗലം: പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചലന പ്രയാസം നേരിടുന്ന ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുമുള്ള ചലന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ മീരാൻ,ഫെബിൻ റഷീദ്, ബേസിൽ ബാബു എന്നീ കുട്ടികളുടെ വീട്ടിലെത്തിയാണ് സി പി ചെയർ,സ്റ്റാറ്റിക് സൈക്കിൾ,തെറാപ്പി ബെഡ്,തെറാപ്പി ബോൾ എന്നിവ എംഎൽഎ വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹീർ കോട്ടപ്പറമ്പിൽ, വാർഡ് അംഗങ്ങളായ അബ്ദുൽ അസീസ്, ആസിയാ അലിയാർ,സത്താർ വട്ടക്കുടി,കോതമംഗലം ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ജ്യോതിഷ് പി, ക്ലസ്റ്റർ കോർഡിനേറ്ററായ എ ഇ ഷെമീദ,റിസോഴ്സ് അധ്യാപകരായ സ്മിത മനോഹർ,ദീപ്തി ഡൊമിനിക്,ആൻസി റോബിൻ,സിമി പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, വൈദ്യസഹായം,സഹായ ഉപകരണങ്ങൾ ലഭ്യമാക്കൽ, തെറാപ്പി സേവനം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ സമഗ്ര ശിക്ഷാ കോതമംഗലം ഏറ്റെടുക്കുന്നുണ്ട്. ഭിന്നശേഷിയുള്ള, പ്രത്യേക പരിഗണന അർഹിക്കുന്ന ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന 36 കുട്ടികൾ ഉൾപ്പെടെ 1094 കുട്ടികളാണ് കോതമംഗലം ബി ആർ സി പരിധിയിൽ ഉള്ളത്. ജൂൺ മാസത്തിൽ തന്നെ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുകയും, പരിഗണന മേഖലകളെ അടിസ്ഥാനമാക്കി അനുരൂപീകരണത്തിനായി 28 റിസോഴ്സ് അധ്യാപകർ പ്രൈമറി, സെക്കൻഡറി മേഖലകളിൽ പ്രവർത്തിച്ചുവരികയാണ്.
തെറാപ്പി സേവനം,കണ്ണട ശ്രവണ സഹായി,ചലന സഹായ ഉപകരണങ്ങൾ എന്നിവ ഡോക്ടർമാരുടെ നിർദേശാനുസരണം എല്ലാ കുട്ടികൾക്കും നൽകിവരുന്നു. സാമ്പത്തിക സഹായമായി ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് 15000 രൂപയും, പെൺകുട്ടികൾക്ക് സ്റ്റൈപ്പന്റ് ആയി 2000 രൂപയും നൽകിവരുന്നു.വിദ്യാലയത്തിൽ എത്തുവാനുള്ള ട്രാൻസ്പോർട്ട് അലവൻസും നൽകുന്നതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുള്ള എല്ലാ അക്കാദമിക ഭൗതിക പിന്തുണയും സമഗ്ര ശിക്ഷ കോതമംഗലം നൽകി വരികയാണ്.