കോതമംഗലം: മനുഷ്യര്‍ വീട്ടിലിരുന്നപ്പോള്‍ കാട് അവര്‍ക്ക് സ്വന്തമായി. അവരുടെ ജീവിതം വീണ്ടും പഴയതുപോലായി. അതുകൊണ്ട് അവരില്‍ ഒട്ടുമിക്കവരും ഇപ്പോള്‍ നാട്ടിലിറങ്ങുന്നില്ല. കര്‍ഷകര്‍ക്കും ആക്രമണ ഭീഷിണി നേരിട്ടിരുന്ന കുടുംമ്പങ്ങള്‍ക്കും ഇപ്പോള്‍ ഭയപ്പാടില്ലാതെ കിടന്നുറങ്ങാം. അതുതന്നെയാണ് ലോക്ക് ഡൌൺ സമയത്തെ മറ്റൊരു നേട്ടം. ലോക് ഡൗണ്‍ മൂലം ലോക പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതം ഉള്‍പ്പെടുന്ന വിസ്തൃമായ വനമേഖലയിലുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംസ്ഥാന ബേര്‍ഡ് മോണിറ്ററിംഗ് സെല്ലിന്റെ മുഖ്യചുമതലക്കാരനും പ്രമുഖ പക്ഷി നിരീക്ഷകനുമായ ഡോ.ആര്‍ സുഗതന്റെ പ്രതികരണം ഇതിനെ സാധൂകരിക്കുന്നു.
ഓരോമാസവും കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതായി കാണിച്ച് 5-6 പരാതികളെങ്കിലും തട്ടേക്കാട്ടെ വനംവകുപ്പിന്റെ ഓഫീസില്‍ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇത്തരത്തില്‍ വലിയ പരാതികളൊന്നും ഓഫീസില്‍ ലഭിച്ചിട്ടില്ല. ഇതുമൂലം കൃഷി നാശം കുറഞ്ഞു എന്നുമാത്രമല്ല ,ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തുന്നതുമൂല മുണ്ടായിരുന്ന ഭയാശാങ്കകളും ഒരു പരിധിവരെ വിട്ടൊഴിഞ്ഞിട്ടുമുണ്ട്. ഈ വനമേഖലയിലെ റോഡുകളിലൂടെ ലോക് ഡൗണ്‍കാലത്ത് കടന്നുപോയ വാഹനയാത്രികള്‍ക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായതായുള്ള വിവരവും പുറത്തുവന്നിട്ടില്ല. കാട്ടാനക്കൂട്ടവും കാട്ടുപന്നിയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇവിടെ ജനവാസകേന്ദ്രങ്ങളില്‍ ഇടവിട്ട് എത്തിയിരുന്നു. ഇവയുടെ കടന്നുകയറ്റമായിരുന്നു കൃഷിനാശത്തിന് വലിയൊരളവില്‍ കാരണമായിരുന്നത്. ഇപ്പോള്‍ വേണ്ടുവോളം വെള്ളവും ഭക്ഷണവും കാട്ടില്‍ ലഭിയ്ക്കുന്ന സാഹചര്യമുള്ളതിനാലാണ് ഇവയൊന്നും ആവാസ കേന്ദ്രങ്ങള്‍ വിട്ട് പുറത്തിറങ്ങാത്തതെന്നാണ് ഡോ.സുഗതന്റെ വിലയിരുത്തല്‍.
പെരിയാര്‍ തീരത്ത് 2500 ഹെക്ടറിലേറെ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന വനമേഖലയെ ഉള്‍പ്പെടുത്തിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് രൂപം നല്‍കിയിട്ടുള്ളത്. അതിര്‍ത്തി പ്രദേശങ്ങളില്‍ പലഭാഗത്തും ജനവാസമുണ്ട്. അടുത്തകാലത്തായി ആന ശല്യം വ്യാപകമായിരുന്നു. കൃഷി നാശത്തിന് ഏറിയപങ്കും കാരണമായത് ഇക്കൂട്ടരുടെ കടന്നുകയറ്റമാണ്. ചക്കയുടെ കാലമാകുന്നതോടുകൂടി ഇതുതേടി പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ജനവാസമേഖലയിലേയ്ക്ക് എത്തിയിരുന്നു. അതെല്ലാം ഈ ലോക്ക് ഡൗൺ സമയത്തു ഒഴിവായി എന്നതും ആശ്വാസമാണ്.