കോതമംഗലം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗണിൽ ടൂറിസ്റ്റ് ബസ് വ്യവസായം തകർന്നടിഞ്ഞു. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ച് പൂട്ടപെട്ടതോടെ ടൂറിസം വ്യവസായത്തിന്റെ ഭാഗമായ ഗതാഗത മേഖല തീർത്തും തകർന്നിരിക്കുകയാണ്. ആയിരകണക്കിന് ലക്ഷ്വറിബസ്സുടമകളും ജീവനക്കാരും ഈ അവസ്ഥയിൽ നിന്നും ഇനി എന്ന് കരകയറാൻ കഴിയും എന്ന ആശങ്കയിലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ പെട്ട മേഖലയെ കൈപിടിച്ചു ഉയർത്തി കൊണ്ട് വരാൻ അടിയന്തിരമായി പാസഞ്ചർ ഗതാഗത വ്യവസായത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമാശ്വാസം പ്രഖ്യാപിക്കേണ്ടതാണ് . തകർന്ന് കിടക്കുന്ന മോട്ടോർ വ്യവസായത്തെ സംരക്ഷിക്കാൻ ആറ് മുതൽ പന്ത്രണ്ട് മാസം വരെ മോട്ടോർ വാഹന നികുതി ഇളവ് നൽകുന്നതിന് സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.
കേരളത്തിൽ സ്റ്റേജ് ക്യാരേജ് വാഹനങ്ങൾക്ക് ഒരു മാസത്തെയും കോൺട്രാക്ട് ക്യാരേജുകൾക്ക് 20% നികുതി ഇളവുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ലോക് ഡൗൺ ആയ സമയത്തെ ഒരു മാസം നികുതിയോ 20% നികുതി ഇളവോ ഒന്നും ഗുണം ചെയ്യില്ലെന്ന് ഏവർക്കും മനസിലാക്കാവുന്നതാണ്. സംസ്ഥാനത്തെ മുഴുവൻ സ്റ്റേജ് ക്യാരേജുകളും 95% ടൂറിസ്റ്റ് കോൺട്രാക്ട് ക്യാരേജുകളും വരുന്ന മാസങ്ങളിൽ നിരത്തിലറക്കാതെ ഫോം ജി നൽകിയത് തന്നെ ഈ മേഖലയിൽ ഇനി വരുന്ന നാളുകൾ ഭയാനകമാണെന്ന് വിളിച്ചറിയിക്കുന്നതാണ്. മാസങ്ങൾ വാഹനങ്ങൾ നിരത്തിലിറങ്ങിയിലെങ്കിൽ പതിനായിരക്കണക്കിന് ജീവനക്കാരും അവരെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് കുടുബങ്ങളും പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും വഴിവെക്കുമെന്ന യാഥാർത്ഥ്യം സർക്കാർ കാണാതെ പോവരുത്.
ലോക് ഡൗൺ അവസാനിച്ചു വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ ആറ് മാസം വരെ താൽക്കാലികമായി ടോൾ പിരിവ് നിർത്തിവെക്കണമെന്നും ടൂറിസ്റ്റ് ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ലോക് ഡൗൺ കാരണം നിരവധി വാഹനങ്ങൾ ഉപയോഗത്തിലില്ലാത്തതിനാൽ, റോഡിലെ അപകടങ്ങൾ ഇൻഷുറൻസ് കമ്പനിയ്ക്കുള്ള ക്ലെയിമുകളുടെ ഇനത്തിൽ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ വാഹന ഉടമകൾക്ക് നൽകിയിട്ടില്ല . ലോക്ക്ഡൗൺ നീണ്ടുനിൽക്കുന്നതുവരെ ഇൻഷ്വർ ചെയ്ത വാഹനങ്ങളുടെ സാധുത വർദ്ധിപ്പിച്ചുകൊണ്ടും അടുത്ത ഒരു വർഷത്തേക്ക് വാഹനങ്ങളുടെ പ്രീമിയം വർധിപ്പിക്കാതിരുന്നാൽ അത് ഈ മേഖലക്ക് ആശ്വാസമാകും.
ഒരു വർഷം പലിശരഹിത മൊറട്ടോറിയം അനുവദിക്കണം. കുറഞ്ഞ പലിശ വായ്പകൾ, അധിക മൂലധനം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണം
പതിനായിരങ്ങൾക്ക് സ്വയം തൊഴിൽ നൽകുന്ന ഗതാഗത മേഖലക്ക് വ്യവസായ പദവി നൽകണം. കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത കളർക്കോഡ്, വാഹന ഉടമകൾക്ക് ലക്ഷങ്ങളുടെ അധിക ബാധ്യത വരുത്തു. ആയതിനാൽ ഇത് നടപ്പാക്കുന്നതിന് ഒരു വർഷം സാവകാശം നൽകണം. സമാനമായി ജിപിഎസ് നടപ്പാകുന്നതിനും കൂടുതൽ സമയം അനുവദിക്കണം.
വിനോദ സഞ്ചാര മേഖലകൾ ഒത്തിരി ഉള്ള കർണ്ണാടകവുമായി കേരളം ഉഭയകക്ഷി കരാറിൽ ഏർപ്പെടുക. കർണ്ണാടകം ഇതിന് ഇതിനകം തന്നെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന തലത്തിൽ പ്രത്യേക പരിഗണന നൽകിയാൽ മാത്രമേ തകർന്നടിഞ്ഞ ഈ വ്യവസായമേഖലക്ക് കൈത്താങ്ങാകുമെന്ന് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.ജെ റിജാസ്, കോതമംഗലം ഏരിയ പ്രസിഡന്റ് റോയി പി.കെ, ജനറൽ സെക്രട്ടറി ബിജു ഉതുപ്പ്, മനോജ് കുമാർ, പ്രസാദ് പുലരി, വിനോദ് സൗപർണ്ണിക, അനിൽകുമാർ, ഷരിഫ്, എൽദോസ് എന്നിവർ അറിയിച്ചു.