കോട്ടപ്പടി : ഇന്നലെ വിഷു ദിവസം അതിരാവിലെ കോട്ടപ്പടി വടശ്ശേരിക്ക് അടുത്ത് ഒരു വീട്ടിൽനിന്നും രണ്ടു പട്ടികളെ പുലി പിടിച്ചു എന്നായിരുന്നു വാർത്തയുടെ തുടക്കം. തുടർന്ന് കോട്ടപ്പടിയിൽ പുലിയിറങ്ങിയെന്നുള്ള പ്രചാരണം കാട്ടുതീ പോലെ പടരുകയായിരുന്നു. മണ്ണിൽ പതിഞ്ഞ ജീവിയുടെ കാൽപ്പാദത്തിന്റെ ചിത്രവും , അടിസ്ഥാനരഹിതമായ ശബ്‍ദ സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പുലി വന്നും എന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാല്പാടുകൾ പുലിയുടെ അല്ല അത് ഏതോ പട്ടിയുടെയോ കുറുനരിയുടെയോ ആണ് എന്നത് പ്രശസ്തരായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്‌സും മറ്റു വിദഗ്തരും വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ മഠത്തുംപടി മുസ്ലിം പള്ളിയുടെ പരിസരത്തു കണ്ടതായി പറയുന്ന കാല്പാദവും ഒരേ വർഗ്ഗത്തിൽ പെട്ട ജീവിയുടെതാണെന്ന് കരുതപ്പെടുന്നു.
ചിത്രത്തിലെ കാൽപാദങ്ങൾ കൂടിയാണ് നിൽക്കുന്നത് , പുലിയുടെ കാല്പാദം തമ്മിൽ സ്പേസ് ഉണ്ടാകുമെന്നും, മണ്ണിൽ തെളിയുന്ന പുലിയുടെ കാൽപ്പാദത്തിൽ നഖങ്ങൾ കാണില്ല എന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പുലി വന്നു എന്ന് പറഞ്ഞു ഇപ്പോൾ നടക്കുന്ന പ്രചാരണം നാട്ടുകാർക്കിടയിൽ ഭീതി വളർത്തുവാനേ ഉപകരിക്കുകയുള്ളൂ എന്നും , വേനൽ മഴക്ക് ശേഷം പുതുമണ്ണിൽ ഇതുപോലെയുള്ള കാൽപ്പാടുകൾ നാട്ടുകാർ കാണുക പതിവാണെന്നും വെളിപ്പെടുത്തുന്നു. നാട്ടുകാരുടെ ഭീതിയുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വനം വകുപ്പ് ജീവനക്കാർ വ്യക്തമാക്കി.