കോതമംഗലം: ലോക് ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി മൊബൈൽ വിൽപന നടത്തിയ കോതമംഗലത്തെ മൊബെൽ ഷോപ്പിലെ എട്ട് പേർക്കെതിരെ കേസെടുത്തു. മൊബൈൽ ഷോപ്പ് ഉടമയും ഏഴ് ജീവനക്കാർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ തിക്കും തിരക്കും കൂട്ടാൻ സാഹചര്യമൊരുക്കിയതിനാണ് കോതമംഗലം കോളേജ് റോഡിൽ ജവഹർ തിയേറ്ററിന് സമീപമുള്ള മൊബൈൽ ഷോപ്പുടമക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തത്. കൂടുതൽ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിച്ചതിനും നൂറോളം പേർ തടിച്ചു കൂടാൻ സാഹചര്യമൊരുക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
കട തുറക്കുന്ന വിവരം മുൻകൂട്ടി വാട്സ്ആപ്പ് സന്ദേശം വഴി മുഴുവൻ ഉപഭോക്താക്കളെയും ഇവർ അറിയിച്ചിരുന്നു. ഇതാണ് ആളുകൾ കൂട്ടം കൂടി വരാൻ ഇടയായത്. രാവിലെതന്നെ തിക്കും തിരക്കും കാണപ്പെട്ടതിനെ തുടർന്ന് പൊലീസ് എത്തി സാമൂഹ്യ അകലം പാലിക്കേണ്ടതിനെ പറ്റി ജാഗ്രത നിർദ്ദേശം കട ഉടമക്ക് നൽകിയിരുന്നു .ഇത് അവഗണിച്ച് നിയമംപാലിക്കാതെ നൂറോളം പേർ തടിച്ചുകൂടിയതോടെ നഗരസഭ ആരോഗ്യവിഭാഗം അധികാരികൾ പൊലിസിനെ വിവരം ധരിപ്പിച്ചു തുടർന്ന് പൊലിസെത്തി കേസെടുക്കുകയായിരുന്നു. സമീപത്തെ മറ്റ് മൊബൈൽ കടകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം റോഡിൽ ഇറങ്ങി നിന്ന് ആളുകളെ വിളിച്ച് വലിച്ചു കയറ്റിയ സംഭവത്തിൽ പൊലിസും മർച്ചൻ്റ്അസോസിയേഷനും ഈ കടയുടമയ്ക്ക് മുൻപ് താക്കീത് നൽകിയിരുന്നു.