- ജസിൽ തോട്ടത്തിക്കുളം
കോതമംഗലം : കോവിഡ് മഹാമാരിയിൽ ലോകമെങ്ങും നടുങ്ങി നിൽക്കുമ്പോൾ ജലസേചന വകുപ്പ് ജീവനക്കാർ പൗരസഞ്ചാരം ഇല്ലാത്ത നാട്ടിടടവഴികളിൽ സാമൂഹിക ഉത്തരവാദിത്വം പേറി കർമ്മനിരതരാണ്. കൃഷിയിടങ്ങളെയും നീർച്ചാലുകളെയും കിണറുകളെയും കുളങ്ങളെയുമെല്ലാം നീരുറവകളാക്കി കാർഷിക കേരളത്തിന്റെ നാഡീസ്പന്ദനമായ കനാലുകൾ ഈ ലോക്ഡൗൺ കാലത്തും ജലസമ്പുഷ്ടമായി നിറഞ്ഞൊഴുകുകയാണ്.
വേനൽ കടുത്തതിനൊപ്പം വന്നുചേർന്ന കോവിഡ് 19 കേരളത്തെ നിർജീവമാക്കിയപ്പോൾ അതിനെയെല്ലാം തൃണവൽഗണിച്ച് കനാലുകളിലൂടെ തടസ്സങ്ങളില്ലാതെ വെള്ളം ഒഴുക്കുന്ന തിരക്കിലായിരുന്നു വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ. കോവിഡിൽ നാടും നഗരവും ഒന്നടങ്കം നിശ്ചലമായപ്പോൾ കനാലുകളിലൂടെ ജലവിതരണം തടസ്സപ്പെടുമോ എന്ന ആശങ്കയിലായിരുന്നു കർഷകർ.
എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്ന് അർത്ഥശങ്കകൾക്കിടയില്ലാത്തവിധം തെളിയിച്ചുകൊണ്ട് കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി കാത്തിരിക്കുന്ന വലിയൊരു സമൂഹത്തെ ഒട്ടും നിരാശപ്പെടുത്താതെ കനാലുകളിൽ ജലസമൃദ്ധമായ ദിനങ്ങളാണ് സമ്മാനിച്ചത്.
കടുത്ത വേനൽ ബാധിക്കാതിരിക്കാൻ വേനൽ കടുക്കുംമുമ്പ് ജലവിതരണത്തിനായി കനാലുകളുടെ അറ്റകുറ്റപ്പണിയും സമയബന്ധിതമായി വകുപ്പ് പൂർത്തിയാക്കിയിരുന്നു. ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഹൃദയചൂരുമായി കാർഷിക കേരളത്തിന് കുളിർമ പകരാൻ ജലസേചനവകുപ്പ് ഫീൽഡ് ജീവനക്കാർ ഇവിടെ തിരക്കിലാണ്.