കോതമംഗലം : മഹാമാരിയായ കൊറോണ ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന സമയത്തുപോലും സോഷ്യൽ മീഡിയ ദുരുപയോഗം വ്യാപകമാകുന്നു. കഴിഞ്ഞ പ്രളയകാലത്തു പോലീസ് നടപടിയെത്തുടർന്ന് ഇക്കൂട്ടരുടെ ഇടപെടൽ നവമാധ്യമങ്ങളിൽ കുറഞ്ഞിരുന്നു. കമ്മ്യൂണിറ്റി കിച്ചണിലേക്ക് യൂത്ത് കോൺഗ്രെസ്സുകാരെ കയറ്റരുത് , വിഷം കലർത്തുവാൻ സാധ്യതയുണ്ട് എന്ന് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ നെല്ലിക്കുഴി ചെറുവട്ടൂർ സ്വദേശി അബൂബക്കറിനെതിരെ യൂത്ത് കോൺഗ്രെസ്സുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോതമംഗലം പോലീസ് സൈബർ ആക്ട് പ്രകാരം കേസ് എടുക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.
കമ്പനിപ്പടി വാര്‍ത്ത എന്ന ഫേസ് ബുക്ക് പേജിനെ അടിസ്ഥാനപ്പെടുത്തി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തെകുറിച്ചു പരാമർശനം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അലി പാടിഞ്ഞാറെചാലിയുടെ ഫോൺ കോതമംഗലം പോലീസ് പിടിച്ചെടുത്തു. കൂടാതെ ഇതിനെ പിന്താങ്ങുന്ന രീതിയിൽ പ്രവർത്തിച്ച അഥിതി തൊഴിലാളിയുടെ ഫോണും പിടിച്ചെടുത്തു. സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് വെളിപ്പെടുത്തുന്നു.