കോതമംഗലം: ദയവായി ഷൈക്കാന്റ് വേണ്ട സഹോദരാ, കൈകൂപ്പിയാൽ മതി, കൊറോണ വൈറസ് കേരളത്തിലെത്തിയെന്നറിഞ്ഞയുടൻ പ്രതിരോധത്തിന്റെ സന്ദേശം ആഴ്ചകൾക്ക് മുൻപ് കോതമംഗലത്ത് കാർക്ക് പകർന്ന് നൽകിയ മന്ത്രിയുടെ പെരുമാറ്റം ഇന്ന് കേരളം ഏറ്റെടുത്തു. കൊറോണ (കോവിഡ് – 19 ) കേരളത്തിൽ രണ്ടാഴ്ച മുൻപ് സ്ഥിരീകരിച്ച ദിവസം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സോളാർ ലൈറ്റ് ഉദ്ഘാടന വേദിയിലെത്തിയ വൈദ്യുത മന്ത്രിക്ക് പതിവുപോലെ നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹസ്തദാനം ചെയ്യാൻ വരവെ മന്ത്രി മണി ” പ്ലീസ് സഹോദരാ ഹസ്തദാനം വേണ്ട – നമസ്തേ മതി” എന്ന് പറഞ്ഞ് മന്ത്രി കൈകൂപ്പിയപ്പോൾ കണ്ട് നിന്നവരും ക്ഷണിക്കപ്പെട്ട നേതാക്കളുൾപ്പെടെയുള്ളവർക്ക് കൂട്ട ചിരിയായി.
ചിരി കണ്ട മന്ത്രിയുടെ കമന്റും അപ്പോൾ തന്നെയെത്തി ” ചിരിച്ചോ ചിരിച്ചോ – അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം” മണിയുടെ വാക്കുകൾ ഇന്ന് എത്ര ശരിയായി മാറിയിരിക്കുന്നു. എം.എൽ.എ.ആന്റണി ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ,വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.എം. പരീത്, സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്.എൽദോസ് , സി.പി.ഐ.താലൂക്ക് സെക്രട്ടറി എം.കെ.രാമചന്ദ്രൻ ,ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,വിവിധ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാരായ എ.ടി.പൗലോസ്, ബാബു പോൾ, ഷാജിപീച്ചക്കര, ബേബി പൗലോസ്, എൻ.സി.പി.പ്രസിഡന്റ് ടി.പി.തമ്പാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി മണിയുടെ സന്ദേശം.