കോതമംഗലം – റബ്ബർ ഉല്‌പാദക സംഘം വഴി കിലോക്ക് 150 രൂപ വീതം ലഭ്യമാക്കി വരുന്ന വില സ്ഥിരത ഫണ്ട് കോതമംഗലം മണ്ഡലത്തിലെ റബ്ബർ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു.
റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം പ്രകാരം നിലവിൽ നൽകി വരുന്ന 150 രൂപയിൽ നിന്നും തുക വർദ്ധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തനത് റവന്യൂ വരുമാനത്തിൽ കുറവ് വന്നതും,2019 ഒക്ടോബറിനു ശേഷമുള്ള ജി എസ് റ്റി കോംപൻസേഷൻ പൂർണ്ണമായും ലഭിക്കാത്തതും,നടപ്പു സാമ്പത്തിക വർഷം അവസാന പാദത്തിലെ കടമെടുക്കുന്നതിനുള്ള പരിധി കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും, നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കുടിശ്ശികയായിട്ടുള്ള സബ്സിഡി വിതരണത്തിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.
റബ്ബറിന്റെ താങ്ങുവില 200 രൂപ ആയി വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന താങ്ങുവിലയായ കിലോയ്ക്ക് 150 രൂപയ്ക്ക് പുറമെ കേന്ദ്ര സഹായമായി 50 രൂപയോടു കൂടി 2020-21 ലെ കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിൽ ഉണ്ടായിട്ടില്ലെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.