കോതമംഗലം: ചരിത്രമുറങ്ങുന്ന കോതമംഗലം മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കേസ് നാളെ വീണ്ടും ഹൈക്കോടതിയിൽ. വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും, മതമൈത്രി സംരക്ഷണ സമിതിയും, പള്ളി ഭരണ സമിതിയും, ഇടവകയിലെ വ്യക്തികളും കൂട്ടത്തോടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
തൊണ്ണൂറ്റി ഒൻപത് ശതമാനവും യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ മാത്രമുള്ള മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ്. മുൻപ് യാക്കോബായ സഭാംഗമായിരുന്ന തോമസ് പോളാണ് 2017 ജൂലൈ 3 വിധി പ്രകാരം പള്ളി തനിക്ക് പിടിച്ച് നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് 1934 ഭരണഘടന കോതമംഗലം മാർ തോമ ചെറിയ പള്ളിക്കും ബാധമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. അതോടെ നൂറ്റാണ്ടുകളായി മാർ തോമ ചെറിയ പള്ളിയിൽ നിലനിന്നിരുന്ന വിശ്വാസത്തിനും, ആചാരത്തിനും വിലക്കേർപ്പെടുത്തി തരത്തിലായി കാര്യങ്ങൾ. ഒപ്പം തൊണ്ണൂറ്റി ഒൻപത് ശതമാനം യാക്കോബായ വിശ്വാസികളും തങ്ങളുടെ ആരാധനാലയം വിട്ട് പുറത്തേക്കിറങ്ങണ്ടതായ അവസ്ഥയും സംജാതമായി. ഈ വിധി മൂലം പതിനായിരത്തോളം വിശ്വാസികളാണ് ഏഴ് കുടുംബങ്ങൾക്ക് വേണ്ടി പള്ളി വിട്ടിറങ്ങേണ്ടി വരുന്നത്.
ഇതിനെതിരെ വിശ്വാസികളുടെ വ്യാപക പ്രതിഷേധമാണ് രണ്ട് വർഷമായി കോതമംഗലത്ത് നടന്ന് വരുന്നത്. പലവട്ടം തോമസ് പോൾ കനത്ത പോലീസ് വലയത്തിൽ പള്ളി പിടിച്ചെടുക്കാൻ എത്തിയെങ്കിലും ആയിരക്കണക്കിന് ഇടവകക്കാർ ഈ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവലയം തീർത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.
പോലീസും സർക്കാരും പള്ളി തനിക്ക് പിടിച്ച് നൽകുന്നില്ലെന്ന് ആരോപിച്ച് തോമസ് പോൾ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് എറണാകുളം ജില്ലാ കളക്ടറോട് പള്ളി ഏറ്റെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ വിധിയെ ചോദ്യം ചെയ്ത സർക്കാരിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതോടെയാണ് വിധിക്കെതിരെയുള്ള അപ്പീലുകൾ ഡിവിഷൻ ബെഞ്ചിന് മുന്നിലെത്തിയത്.
മാർ തോമ ചെറിയ പള്ളിയുടെ യഥാർത്ഥ അവകാശികളെ പുറത്താക്കിയും, ഇവിടുത്തെ വിശ്വാസാചാരങ്ങളെ തകർക്കുന്ന തരത്തിലുള്ളതുമായ തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകിലെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ കോതമംഗലം വാർത്തയോട് പറഞ്ഞു. കോതമംഗലം മുത്തപ്പന്റെ കബറിടം ജാതി മത ചിന്തകളില്ലാതെ ഈ നാടിന്റെ വിളക്കാണ്. ഈ കബറിനെ ബാധിക്കുന്ന ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്ന് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി ജോർജ്ജും, കെ.എ നൗഷാദും, അഡ്വ.രാജേഷ് രാജനും പ്രതികരിച്ചു.
You must be logged in to post a comment Login