കോട്ടപ്പടി : ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദിവസവും സഞ്ചരിക്കുന്ന കോട്ടപ്പടി സ്കൂൾ കവല മുതൽ ചേറങ്ങാനാൽ കവലവരെയുള്ള റോഡിൽ പൊടിശല്യം രൂക്ഷമാകുന്നു. കോട്ടപ്പടി മാർ ഏലിയാസ് കോളേജും, സ്കൂളും സ്ഥിതിചെയ്യുന്ന പ്രദേശം മുതൽ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉൾപ്പെടുന്ന പ്രധാന റോഡിൽ ആണ് പൊടിശല്യം മൂലം നാട്ടുകാർ ബുദ്ധിമുട്ടുന്നത്. മഴ മാറിയതോടുകൂടിയാണ് പൊടിയുടെ രൂക്ഷതയേറിയത്. പൊടിശല്യത്തിൽ കൂടുതലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് സ്കൂൾ വിദ്യാർത്ഥികൾ ആണ്.
അലർജി , ആസ്‌മ തുടങ്ങി അസുഖങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് ഇതുവഴിയുള്ള യാത്ര പേടിസ്വപ്നമായിരിക്കുകയാണ്. ബൈക്കിലും , ഓട്ടോയിലും , ബസിലും സഞ്ചരിക്കുന്ന സാധാരണക്കാർക്ക് പൊടിശല്യം ചെറിയതോതിൽ ശാരീരിക ബുദ്ധിമുട്ടികൾ അനുഭവിക്കേണ്ടിയും വരുന്നു. പൊടിശല്യം ഒഴിവാക്കുന്നതിനായി എത്രയും പെട്ടന്ന് ഈ ഭാഗത്തെ റോഡ് ടാർ ചെയ്യണമെന്നും, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി സഞ്ചരിക്കുവാൻ സുരക്ഷിത പാത ഒരുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മഴ മാറുന്ന മുറക്ക് പൊടിശല്യം വർദ്ധിക്കുമെന്നതിനാൽ ഈ പ്രദേശത്തു വെള്ളം ഒഴിച്ച് പൊടിശല്യം ഒഴിവാക്കണം എന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥികൾ കൂടുതലായി സഞ്ചരിക്കുന്ന രാവിലെയും വൈകിട്ടും അടിയന്തരമായി പൊടിശല്യം പരിഹരിക്കണമെന്ന് രക്ഷകർത്താക്കളും ആവശ്യപ്പെടുന്നു. കൂടാതെ കാന പണിക്കായി ഇറക്കിയിരിക്കുന്ന വലിയ കണ്ടെയ്നർ ഗതാഗത തടസ്സം സൃഷ്ഠിക്കുന്നതുകൊണ്ട് അവിടെനിന്നും മാറ്റണമെന്നുമുള്ള ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.
You must be logged in to post a comment Login