കോതമംഗലം : വൈകി എത്തുന്ന നീതി നീതിനിഷേധമായിരിക്കെ നിയമവ്യവസ്ഥയോട് എക്കാലവും പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറായിട്ടുള്ള അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഭരണകൂടങ്ങള്‍ നിയമക്കുരുക്ക് സൃഷ്ടിച്ച് നീതി വൈകിപ്പിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അഡ്വഃഡീന്‍ കുര്യാക്കോസ് എം.പി.അഭിപ്രായപ്പെട്ടു. ഏത് കൊടും കുറ്റവാളികളെപ്പോലും രക്ഷപ്പെടുത്താനും ഏത് നിരപരാധിയേയും ക്രൂരമായി ശിക്ഷവിധിക്കാനും കഴിയുന്ന നിലയില്‍ ഇന്ത്യയില്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് പല കേസുകളിലും കാണാന്‍ കഴിയുന്നുണ്ട്. ഭരണകൂടങ്ങള്‍ പോലും നീതിനിഷേധങ്ങളുടെ വക്താക്കളായി മാറുന്ന സമീപകാല സംഭവങ്ങളും വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പത്ത് വര്‍ഷക്കാലം ഒരു കേസില്‍ വിചാരണത്തടവുകാരനായി തമിഴ്നാട് ജയിലിലടക്കപ്പെട്ടയാളാണ് മഅ്ദനി.
വിചാരണ പൂര്‍ത്തിയാക്കി നിരപരാധി എന്ന് കണ്ടെത്തി പുറത്ത് വന്ന അദ്ദേഹത്തെ മറ്റൊരു കേസില്‍ പ്രതി ചേര്‍ത്ത് വീണ്ടും വിചാരണത്തടവില്‍ പാര്‍പ്പിക്കുന്നത് നീതീകരിക്കാനാവില്ല. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനുള്ള സാഹചര്യമാണ് ഭരണകൂടങ്ങള്‍ ഒരുക്കേണ്ടത്. മഅ്ദനിയുടെ നീതിക്ക് വേണ്ടിയുള്ള സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കാലവിളംബം ഒഴിവാക്കി നീതി ലഭ്യമാക്കുന്നതിനും ഇനിയും വൈകിക്കൂടാ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കൂ, അനീതിയുടെ വിലങ്ങഴിക്കൂ…എന്ന പ്രമേയത്തില്‍ മഅ്ദനി നീതിനിഷേധത്തിനെതിരെ പി.ഡി.പി.കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി നെല്ലിക്കുഴി കവലയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.പി.
നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ.മണ്ഡലം സെക്രട്ടറി എം.കെ.രാമചന്ദ്രന്‍ ,മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ കെ.എം.കുഞ്ഞുബാവ,ജനതാദള്‍ എല്‍.ജെ.ഡി.സംസ്ഥാന സമിതി അംഗം മനോജ് ഗോപി,വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം ഷംസുദ്ദീന്‍ നദ് വി , എസ്.ഡി.പി.ഐ. മണ്ഡലം കൗണ്‍സില്‍ അംഗം സാദിഖ് ,ജമാഅത്ത് കൗണ്‍സില്‍ ജില്ല ട്രഷറര്‍ മാവുടി മുഹമ്മദ് ഹാജി,പി.ഡി.പി.ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര ,മണ്ഡലം സെക്രട്ടറി റഹീം അയിരൂര്‍പ്പാടം ,ടി.എച്ച്.ഇബ്രാഹീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
You must be logged in to post a comment Login