കോതമംഗലം: മാമോദീസായേറ്റ വിശ്വാസത്തിൽ തന്നെ നിലനിൽക്കുവാനുള്ള അവകാശം ഹനിച്ച വിധിക്കെതിരെ യാക്കോബായ സുറിയാനി സഭയിലെ ഇളം തലമുറ കോതമംഗലത്ത് ഒന്നിച്ചപ്പോൾ മാർ തോമ ചെറിയ പള്ളിയിൽ നടന്ന കുട്ടിക്കൂട്ടം സുറിയാനി സഭാ ചരിത്രത്തിലെ മറ്റൊരേടായി മാറ്റപ്പെട്ടു. സുപ്രീം കോടതി വിധിയുടെ മറവിൽ യാക്കോബായ സഭയുടെ പള്ളികൾ കോട്ടയം മലങ്കര ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുക്കുന്നതിനെതിരെയാണ് മലങ്കര യാക്കോബായ സുറിയാനി സണ്ടേസ്ക്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി കോതമംഗലത്തെത്തിയത്. യാക്കോബായ സഭയിലെ സണ്ടേസ്കൂളുകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ബസേലിയോസ് ബാവയുടെ കബറിങ്കൽ നിന്ന് ഒരു കണ്ണിയായി പൂമുഖം വരെ എത്തി. അവിടെ നിന്ന് പള്ളിമുറ്റത്തും പുറത്തുമായി കൈകോർത്ത് കൈകോർത്ത് ഒരേ മനസ്സുമായി പൊരിവെയിലത്ത് വിദ്യാർത്ഥികൾ തങ്ങളുടെ വിശ്വാസം നഷ്ടപ്പെടുരുതേ എന്ന ആഗ്രഹവുമായി നിന്നത് കണ്ണീരിന്റെ കാഴ്ചയായി.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുഗ്രഹ കല്പന ഫാ.എൽദോസ് കാക്കനാട്ട് വായിച്ചു. തുടർന്ന് ഫാ.ജോസ് പരുത്തു വയലിൽ കുട്ടിക്കൂട്ടത്തിന് വിശ്വാസ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോതമംഗലം എം.എൽ.എ ആൻറണി ജോൺ അടക്കം രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖർ ചരിത്ര സംഭവത്തിന് സാക്ഷികളായിരുന്നു. ഞങ്ങളുടെ പിതാക്കൻമാർ പണിത പള്ളികളിൽ പ്രവേശിക്കണമെങ്കിൽ ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന 1934 ഭരണഘടനയെ അംഗീകരിക്കണമെന്ന കോടതിയുടെ വിധിയെ അംഗീകരിക്കാൻ കഴിയുകയില്ലെന്നാണ് കുട്ടിക്കൂട്ടത്തിൽ പങ്കെടുത്തവർ പ്രതികരിച്ചത്.
You must be logged in to post a comment Login