കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജില്‍ വിജ്ഞാനകേരളം, കെ-ഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ വിജയകരമായി സമാപിച്ചു. ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു. 85 ലേറെ പ്രമുഖ കമ്പനികള്‍ ജോബ് ഫെയറിന്റെ ഭാഗമാകുകയും വിവിധ മേഖലകളിലായി അനേകം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കോളേജ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് പ്രസിഡന്റ് ഫാ. ജോസ് പരുത്തുവയലില്‍ അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ഡിഎംസി ആര്‍. രാജേഷ് സ്വാഗതം പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ദാതാക്കളുമായി നേരിട്ട് സംവദിച്ച് അവസരങ്ങള്‍ കണ്ടെത്താന്‍ ജോബ് ഫെയറുകള്‍ സഹായകമാണെന്നും, ഇത്തരം പരിപാടികള്‍ യുവതലമുറയുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായും എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ ഫാ. ബെന്‍ സ്റ്റീഫന്‍ മാത്യു കല്ലുങ്കല്‍, കോളേജ് മാനേജര്‍ സുനില്‍ ജോസഫ്, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ടി. മൂലയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. എം. ബേബി, വാര്‍ഡ് മെമ്പര്‍ പ്രിയ സാബു, വൈസ് പ്രിന്‍സിപ്പല്‍ ജിന്‍സി പി. മാത്യൂസ്, ഐക്യൂഎസി കോര്‍ഡിനേറ്റര്‍ ടിന്റു സ്‌കറിയ, സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി ശ്രീകല സി., എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ വിദ്യ വി. വി., മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ ലിജോ ടി. ജോര്‍ജ്, കെ-ഡിസ്‌ക് അസോസിയേറ്റ് ഡയറക്ടര്‍ നീതു സത്യന്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധിള്‍ എന്നിവര്‍ സംസാരിച്ചു.
പ്ലേസ്‌മെന്റ് സെല്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി രേഷ്മ കൃഷ്ണന്‍ നന്ദി പറഞ്ഞു. തൊഴില്‍ തേടുന്ന യുവതലമുറയ്ക്ക് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുകൊടുത്ത ഈ മെഗാ ജോബ് ഫെയര്‍, മേഖലയിലെ തൊഴില്‍ വികസനത്തിന് പുതിയ ദിശ നല്‍കുന്നതാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

























































