കോതമംഗലം: എസ്ജിഎഫ്‌ഐയ്ക്കുള്ള (സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ) സിഐഎസ്‌സിഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്) ക്രിക്കറ്റ് ടീമിലേയ്ക്ക് കോതമംഗലം എം.എ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ നെവിന്‍ പോളും, ജോഷ്വാ എല്‍ദോ അരവിന്ദും ഇടം നേടി. കേരളത്തില്‍ നിന്ന് ആകെ മൂന്ന് വിദ്യാര്‍ത്ഥിളാണ് ദേശീയ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സിഐഎസ്‌സിഇയുടെ ദേശീയതല സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തില്‍ റണ്ണറപ്പ് കിരീടം നേടിയ കേരളാ ടീമിനു വേണ്ടി ഇരുവരും നടത്തിയ ഉജ്ജ്വല പ്രകടനവും, മറ്റ് മത്സരങ്ങളില്‍ പ്രകടിപ്പിക്കുന്ന സുസ്ഥിരമായ മികവുമാണ് നേട്ടത്തിനര്‍ഹമാക്കിയത്. സിഐഎസ്സ്‌സിഇ കേരളാ ക്രിക്കറ്റ് ടീമിന്റെയും എംഎ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമിന്റെയും, പരിശീലകനായ വിഎം മനുവിനു കീഴിലാണ് ഇരുവരുടെയും പരിശീലനം.
ഏപ്രില്‍ അവസാന വാരം തെലുങ്കാനയില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. കോതമംഗലം പാലക്കാടന്‍ പോള്‍ പി മാത്യുവിന്റെയും, ടീന പോളിന്റെയും മകനാണ് നെവിന്‍ പോള്‍. മണ്ണാറപ്രായില്‍ ജി. അരവിന്ദന്റെയും ആനി വി ഐസകിന്റെയും മകനാണ് ജോഷ്വാ എല്‍ദോ അരവിന്ദ്. ചരിത്രനേട്ടം സ്വന്തമാക്കിയ നെവിനെയും ജോഷ്വാ യെയും സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അധ്യാപകരും അഭിനന്ദിച്ചു.






















































