കോതമംഗലം: കുട്ടമ്പുഴയില്‍ മുള്ളന്‍പന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൂവപ്പാറ കീഴാലിപ്പടി താഴത്തെതൊട്ടിയില്‍ ടി.എന്‍. ബിജി(50)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കുട്ടമ്പുഴയിലെ ഇറച്ചിക്കട ജീവനക്കാരനായ ബിജി കടയിലേക്ക് പോകുന്നതിനിയില്‍ റോഡിനു കുറുകെ ഓടിയ മുള്ളന്‍പന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുകയായിരുന്നുവെന്ന് ബിജി പറഞ്ഞു.
ഫോണ്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കടയുടമ ഓട്ടോറിക്ഷയില്‍ ബിജിയെ കുട്ടമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.






















































