കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2 ഏക്കർ ഭൂമി വീതം അനുവദിച്ചത്.ഈ ഭൂമിയിൽ വീടുകളുടെയും, വഴി,വെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം പൂർത്തീകരിച്ചിരുന്നു.
ഈ കുടുംബങ്ങൾക്ക് വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ എന്നിവ നിർമ്മിക്കുന്നതിനായി കണ്ടെത്തിയ 15 സെന്റ് സ്ഥലത്തെ മുഴുവൻ മരങ്ങളും നേരത്തെ വെട്ടി മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയിൽ 67 ഹൗസ് പ്ലോട്ടുകളുടെ സമീപത്തുള്ള 885 എണ്ണം മൃദു മരങ്ങളും മുറിച്ചു മാറ്റിയിരുന്നു. എന്നാൽ ഈ കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുള്ള 2 ഏക്കർ വീതമുള്ള ഭൂമിയിലെ ശേഷിക്കുന്ന 1 ഏക്കർ 85 സെന്റോളം സ്ഥലത്തെ തേക്ക് മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിമാറ്റാൻ ഇതുവരെ സാധിച്ചിരുന്നില്ല. ഇതുമൂലം 67 കുടുംബങ്ങൾക്കും ഈ ഭൂമിയിൽ ഇതുവരെ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. മാത്രമല്ല പലപ്പോഴും ഈ മരങ്ങൾ ഒടിഞ്ഞു വീണുള്ള അപകടങ്ങളും സംഭവിച്ചിരുന്നു.
എം എൽ എ യുടെ നേതൃത്വത്തിൽ സർക്കാർ തലത്തിൽ നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ മരം മുറിക്കുന്നത് ആവശ്യമായ സാഹചര്യം ഒരുങ്ങിയിട്ടുള്ളത്.മരം മുറിക്കു മുന്നോടിയായുള്ള നമ്പറിങ് പ്രവർത്തനത്തിന് തുടക്കമായി. ഉന്നതിയിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിനേഷ് നാരായണൻ, ബിന്ദു രാജേന്ദ്രൻ,റേഞ്ച് ഓഫീസർമ്മാരായ മുരളിദാസ്,നിഖിൽദാസ്, ഫോറസ്റ്റ് ജയ്മോൻ, കാണിക്കാരൻ കണ്ണൻ മണി, ഊര്മൂപ്പൻ കുട്ടൻ ഗോപാലൻ, കുട്ടമ്പുഴ, പൂയംകുട്ടി ഫോറസ്റ്റ് ഓഫീസ് സ്റ്റാഫുകൾ,ഉന്നതി നിവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നമ്പറിങ്ങും,ടെൻഡർ നടപടികളും വേഗത്തിൽ പൂർത്തീകരിച്ച് മരം മുറി ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു. വർഷങ്ങളായി ഉന്നതിയിലെ നിവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യമാണ് ഇപ്പോൾ സാധ്യമാകാൻ പോകുന്നതെന്നും എം എൽ എ കൂട്ടിച്ചേർത്തു.



























































