കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം നിശ്ചയിച്ചിട്ടുള്ള സിപിഎം യുവ നേതാവിന്റെ നവ വധുവിന്റെ പേര് നെല്ലിക്കുഴി പഞ്ചായത്തിലെ വോട്ടര്‍പട്ടികയില്‍ എങ്ങനെ വന്നുവെന്നാണ് യുഡിഎഫ് നേതാക്കള്‍ ചോദിക്കുന്നത്. നെല്ലിക്കുഴി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൂട്ടിച്ചേര്‍ത്ത വോട്ടര്‍പട്ടികയിലാണ് ക്രമക്കേട് നടന്നിട്ടുള്ളതായി ആരോപണം ഉയര്‍ന്നിട്ടുള്ളത്. കുറഞ്ഞത് ആറുമാസം എങ്കിലും സ്ഥിരതാമസമാക്കിയ വോട്ടറെ ആണ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ നിയമമുള്ളൂ എന്നിരിക്കെയാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയിട്ടുള്ളതെന്നും, മറ്റ് വാര്‍ഡുകളിലും പഞ്ചായത്തില്‍ സ്ഥിരതാമസം അല്ലാത്ത നിരവധി പേരുടെ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ പറഞ്ഞു.



























































