കോതമംഗലം : സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തുവാൻ വേണ്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ എസ് എസ് യൂണിറ്റും,കീരമ്പാറ പഞ്ചായത്തുമായി കൈകോർക്കുന്നു. എൻ എസ് എസ് യൂണിറ്റ് ദത്ത് ഗ്രാമമായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ധാരാണാപത്രത്തിൽ ഒപ്പ് വച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,പഞ്ചായത്ത് പ്രസിഡന്റ് ഗോപി എം. പി, സെക്രട്ടറി ഇൻ ചാർജ്
രഘുനാഥ് ബാബു കെ. ആർ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ഫേബ കുര്യൻ, ഡോ. മാജിദ് എൻ. വി, സൂവോളജി വിഭാഗം മേധാവി ഡോ. സെൽവൻ എസ്, എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥി പ്രതിനിധികളായ ആൻ കാതറിൻ ജെയ്സൺ, ദേവദർശൻ കെ ശൈലേഷ്, അഭിനവ് സുരേഷ് എന്നിവർ പങ്കെടുത്തു.
സന്നദ്ധ സേവന പ്രവർത്തനങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, സ്കൂളുകൾ കേന്ദ്രികരിച്ച് ലഹരിക്കെതിരെയുള്ള പദ്ധതികൾ, ഞങ്ങളും കൃഷിയിലേക്ക് പദ്ധതി,ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പദ്ധതികൾ,ടൂറിസം പ്രൊജക്റ്റ്, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പ് പദ്ധതി, വിവിധ ബോധവൽക്കരണ ക്യാമ്പയിനുകൾ, പഠന സഹായ വിതരണങ്ങൾ, കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ,ബ്ലഡ് ഡോണഷൻ ക്യാമ്പുകൾ, ആരോഗ്യ സംരക്ഷണ ക്യാമ്പയിനുകൾ,ജല പരിശോധന, പിന്നോക്ക മേഖലയിലെ സന്നദ്ധസേവന പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളാണ് എൻഎസ്എസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.


























































