കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന സ്ഥലത്താണ് വീട്. അത് കഴിച്ചുള്ള സ്ഥലത്താണ് ജൈവ പച്ചക്കറിയും ഫലവൃക്ഷത്തോട്ടവും , കുറച്ചു കോഴികളെയും പരിപാലിക്കുന്നത്.
വീട്ടാവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ പതിവുകാർക്ക് വിൽക്കുകയാണ് ജോസ് ചെയ്യുന്നത്. തക്കാളി, വഴുതന, മുളക്, ചീര, വെണ്ട, പാവൽ, പടവലം, കുക്കുമ്പർ, ശീതകാല പച്ചക്കറികൾ തുടങ്ങിയവ വീടിൻ്റെ മുറ്റത്തും വശങ്ങളിലുമായി നട്ടുവളർത്തുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഡ്രമ്മുകളിലും, ചട്ടികളിലുമായി കുറ്റിക്കുരുമുളക്, മാവ്, പ്ലാവ്, മറ്റ് ഫല വൃക്ഷങ്ങളും വളർന്നു പാകമായിട്ടുണ്ട്.
ഇരുപതോളം കോഴികളും കൂട്ടിൽ വളരുന്നുണ്ട്. പൊതു പ്രവർത്തകൻ കൂടിയായ ജോസ് രാവിലെയും വൈകിട്ടുമാണ് കൃഷി പരിപാലനത്തിനായി സമയം കണ്ടെത്തുന്നത്. രാസവളങ്ങളോ വിഷമരുന്നുകളോ ഇല്ലാതെ, നാടൻ വളങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ കൃഷി. സ്ഥലമില്ലെന്ന് പറഞ്ഞ് കൃഷിയെ ഒഴിവാക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് ജോസിൻ്റ പച്ചപ്പ് നിറഞ്ഞ ഈ ജൈവ കൃഷിത്തോട്ടം.
കൃഷി ചെയ്യാൻ സ്ഥലമല്ല മനസാണ് വേണ്ടതെന്നും, എല്ലാവരും ഈ മാതൃകയിൽ കൃഷി ചെയ്യാൻ രംഗത്തുവരണമെന്നും ജോസ് പറഞ്ഞു.



























































