കോതമംഗലം : ആധാര്‍ അധിഷ്ഠിതമായി പണമിടപാടുകള്‍ നടത്തുന്ന സംവിധാനത്തിലെ ഡാറ്റാ ചോര്‍ച്ച കണ്ടെത്തുകയും അവ തടയുവാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ കൈമാറുകയും അവ സുരക്ഷിതമാക്കുന്നതിന് ഉപകരിക്കുന്ന സഹായം നല്‍കുകയും ചെയ്തതിന് എംഎ കോളേജ് അധ്യാപികക്ക് ബഹുമതി.ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം ഫിനാന്‍സ് സെക്ടറും, ഇന്ത്യന്‍ കംപ്യൂട്ടര്‍ എമെര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമും സംയുക്തമായാണ് ഹോള്‍ ഓഫ് ഫെയിം ബഹുമതി നല്‍കി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഷൈനി ജോണിനെ ആദരിച്ചത്. ഇന്ത്യയിലെ ക്രിട്ടിക്കല്‍ ഇന്‍ഫ്രാ സെക്ടറുകളില്‍ ഒന്നായ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ നെറ്റ് വര്‍ക്കിലും, അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സൈബര്‍ സുരക്ഷയിലും, സൈബര്‍ ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയിലും ഗവേഷകയാണ് ഷൈനി ജോണ്‍ എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിനു കീഴിലാണ് ഷൈനി ഗവേഷണം നടത്തുന്നത്.
