കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന്റെ കൊടിയിറങ്ങി. 4 തീയതി രാവിലെ അർപ്പിക്കപ്പെട്ട വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് ഹൈറേഞ്ച് മേഖല യുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഏലിയാസ് മോർ അത്താനാസ്യോസ് തിരുമേനി പ്രധാന കാർമികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത സഹ കാർമികനായി. ഇത്തവണയും പതിവ് തെറ്റാതെ യൽദോ ബാവയുടെ കബർ വണങ്ങാൻ കരിമണ്ണൂർ ഉണ്ണി, മുണ്ടക്കൽ ശിവനന്ദൻ, വേണാട്ട്മറ്റം ഗോപാലൻകുട്ടി, തോട്ടയ്ക്കാട്ട് കണ്ണൻ, മരതൂർ മാണിക്യൻ തുടങ്ങിയ അഞ്ച് ഗജ വീരന്മാർ എത്തിച്ചേർന്നു.
അഭിവന്ദ്യ ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, കോതമംഗലം MLA ആന്റണി ജോൺ, വികാരി ഫാ. ജോസ് മാത്യു, സഹവികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ്ങ് കമ്മിറ്റിയഗംങ്ങൾ, മാനേജിംഗ് കമ്മിറ്റിയഗംങ്ങൾ എന്നിവർ ചേർന്ന് ഗജവീരന്മാരെ സ്വീകരിച്ച് ശർക്കരയും പഴവും നൽകി. പള്ളിയിൽ ലഭിച്ച വഴിപാട് വസ്തുക്കളുടെ ലേലം നടത്തപ്പെട്ടു.
കന്നി പെരുന്നാളിന്റെ സമാപനം കുറിച്ച് വൈകീട്ട് 4 മണിക്ക് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയിറക്കി. പെരുന്നാൾ ചടങ്ങിനോട് അനുബന്ധിച്ച് സഹകരിച്ച ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം എംഎൽഎ ശ്രീ. ആന്റണി ജോൺ വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കന്മാർ, വിവിധ സർക്കാർ സർക്കാർ വകുപ്പുകൾ, നഗര സഭ പ്രവർത്തകർ, പത്ര ദൃശ്യ മാധ്യമപ്രവർത്തകർ എന്നിവരോടുള്ള നന്ദി വികാരി അറിയിച്ചു.
ഇന്ന് (5/10/25) രാവിലെ പതിവ് പോലെ മൂന്ന് വിശുദ്ധ കുർബ്ബാന ഉണ്ടാകുന്നതാണ്. ഒമ്പത് മണിക്ക് അർപ്പിക്കപ്പെടുന്ന മൂന്നാമത്തെ വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചെങ്കിലും ഭക്തജനങ്ങളുടെ നിലക്കാത്ത പ്രവാഹം തുടരുകയാണ്. വരുന്ന ഒരാഴ്ചകൂടെ നീണ്ടു നിൽക്കുന്ന വൈദ്യുത ദീപാലങ്കാരം പള്ളിയെയും കോതമംഗലം പരിസരത്തെയും ഉത്സവ ലഹരിയിൽ നിലനിർത്തും.
