കോതമംഗലം : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കോട്ടപ്പടി ചേറങ്ങനാൽ കവലക്ക് സമീപമുള്ള ഒരു വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടിയിരുന്നു. കോട്ടപ്പടി സ്വദേശി ജൂവൽ ജൂഡിയാണ് പിടികൂടി നാട്ടുകാരുടെ ഭീതി അകറ്റിയത്. വന്യമൃഗ ശല്യങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന കോട്ടപ്പടി പഞ്ചായത്തിലെ വന മേഖലകളിൽ ഇവയുടെ ആക്രമണങ്ങളിൽ ഭയപ്പെട്ടു നിൽക്കുന്ന നാട്ടുകാർക്ക് പലപ്പോഴും ആത്മധൈര്യം നൽകുന്നതിലും മുന്നിൽ നിന്ന് ചെറുക്കുന്നതിലും മുന്നിൽ നിൽക്കുന്ന യാളാണ് ജൂവൽ. ഇതോടൊപ്പംവാരപ്പെട്ടി കൊട്ടനക്കാട്ട് ഷാജിയുടെ മീൻ കുളത്തിന് സമീപം കഴിഞ്ഞ വലയിൽ കുടുങ്ങിയ കൂറ്റൻ മലപാമ്പിനെ നാട്ടുകാർ പിടികൂടി വനപാലകർക്ക് കൈമാറിയിരുന്നു. മലമ്പാമ്പുകൾ നാട്ടിൻപുറങ്ങളിൽ സാധാരണ കാഴ്ചയായി മാറുന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ജനങ്ങളുടെ ഭീതി അകറ്റുന്നതിന് വനപാലകർ ഇടപെടണം എന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
പടം :കോട്ടപ്പടി ചേറങ്ങനാൽ കവലക്ക് സമീപമുള്ള വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മലമ്പാമ്പിനെ കോട്ടപ്പടി സ്വദേശി ജൂവൽ ജൂഡിയാണ് പിടികൂടുന്നു.
