കോതമംഗലം: കോതമംഗലം കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. നാളെ മുതൽ വ്യാഴാഴ്ച വൈകിട്ട് നാലുവരെ നിയന്ത്രണം. അടിമാലി, വാരപ്പെട്ടി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ അരമനപ്പടിയിൽ നിന്ന് തിരിഞ്ഞ് മലയിൻകീഴ് ബൈപ്പാസ് വഴി ഗ്യാസ് ഗോഡൗൺ ഭാഗത്തുകൂടി പ്രൈവറ്റ് സ്റ്റാൻഡിൽ പ്രവേശിക്കണം.
ചേലാട് ഭാഗത്തുനിന്നുള്ള ബസുകൾ ബൈപ്പാസ് വഴി ഗ്യാസ് ഗോഡൗൺ ഭാഗത്തുകൂടി പ്രൈവറ്റ് സ്റ്റാൻഡിൽ പ്രവേശിക്കണം. പെരുമ്പാവൂർ ഭാഗത്തുനിന്നുള്ള ബസുകൾ നെല്ലിക്കുഴിയിൽ നിന്ന് ഗ്രീൻവാലി റോഡ് വഴി ബൈപ്പാസിൽ എത്തിച്ചേരുകയും രാജീവ് ഗാന്ധി റോഡ് വഴി സ്റ്റാൻഡിൽ പ്രവേശിക്കുകയും വേണം.മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസുകൾ പി.ഒ ജംഗ്ഷൻ വഴി സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം തങ്കളം ലോറി സ്റ്റാൻഡ് വഴി പുതിയ ബൈപ്പാസിലൂടെ കല ജംഗ്ഷൻ വഴി തിരികെ മൂവാറ്റുപുഴയ്ക്ക് പോകണം. മൂവാറ്റുപുഴ ഭാഗത്തുനിന്നും ഹൈറേഞ്ച് ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പാടി -വാരപ്പെട്ടി- അടിവാട്- ഊന്നുകൽ വഴി പോകണം.
പാർക്കിംഗിന് സൗകര്യം
നേര്യമംഗലം ഭാഗത്തുനിന്ന് വരുന്ന തീർത്ഥാടകരുടെ ചെറുവാഹനങ്ങൾ ശോഭന സ്‌കൂളിന്റെ ഗ്രൗണ്ടിലും സെന്റ് ജോർജ് സ്‌കൂളിന്റെ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ എം.എ. കോളേജ് ഭാഗത്താണ് പാർക്ക് ചെയ്യേണ്ടത്. വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങൾക്ക് തങ്കളത്ത് നാലുവരിപ്പാതയിലും പാർക്ക് ചെയ്യാം.
ഗതാഗത നിയന്ത്രണം
പോസ്റ്റ് ഓഫിസ് ജംഗ്ഷനും കോഴിപ്പിള്ളി ജംഗ്ഷനും ഇടയിൽ വാഹന ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ബൈപ്പാസുകളിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
