കോതമംഗലം: റോഡ് അരുകില്‍ പാര്‍ക്ക് ചെയ്ത ലോറിക്ക് തീപിടിച്ചു. ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. അഞ്ച് ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തങ്കളം ഐഎംഎ ഹാളിന് സമീപം ഇന്നലെ (ബുധനാഴ്ച) രാത്രി 7.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പാനിപ്ര ചിറ്റേത്തുകുടി പി.എം. അസീസിന്റെ ഉടമസ്ഥതയിലുള്ള ലോറിക്കാണ് തീപിടിച്ചത്.
ഡ്രൈവറും സഹായിയും പുറത്തിറങ്ങിയ സമയത്തായിരുന്നു തീപിടിത്തം. 2019 മോഡല്‍ ലോറി ഒരു മാസം മുമ്പാണ് അസീസ് വാങ്ങിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് നിഗമനം. വാഹനത്തില്‍ ലോഡ് ഉണ്ടായിരുന്നില്ല. അഗ്നി രക്ഷാസേന എത്തി പെട്ടെന്ന് തീയണച്ചത് കൊണ്ടാണ് ലോറിയുടെ എന്‍ജിന്‍ ഭാഗത്തേക്കും പിന്നിലേക്കും തീപടരാതിരുന്നത്.
