കോതമംഗലം :കോതമംഗലം മാർതോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്താൻ തീരുമാനം. പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ഏകോപന യോഗം ആൻ്റണി ജോൺ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചെറിയപള്ളി കോൺഫറൻസ് ഹാളിൽ ചേർന്നു.
മാർതോമ ചെറിയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സർക്കാർ വകുപ്പുകളുടേയും മറ്റ് നാനാ മേഖലകളിൽ ഉളളവരുടേയും സഹകരണം കോതമംഗലം മാർതോമ ചെറിയപള്ളി വികാരി അഭ്യർത്ഥിച്ചു. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടും ഭക്ത ജനങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ പെരുന്നാളിന്റെ ആദ്യ അവസാന കാര്യങ്ങളിൽ പങ്കാളിക ളാകുന്നതിന് സഹായകരമാകുന്ന നിലയിൽ വിവിധ വകുപ്പുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
പെരുന്നാളിനോട് അനുബന്ധിച്ച് കോതമംഗലം മേഖല സംസ്ഥാന സർക്കാർ ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുളളതും, വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് പെരുന്നാൾ സുഗമമായി നടത്തുന്നതിന് പളളി പെരുന്നാൾ കമ്മിറ്റി കൺവീനറായ കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പാക്കുമെന്നും, 70 ഓളം ക്യാമറകളും, സ്ട്രീറ്റ് ലൈറ്റുകളും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതായും, ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും നഗരസഭ ചെയർമാൻ കെ.കെ ടോമി യോഗത്തെ അറിയിച്ചു.
നഗരത്തിലെ ട്രാഫിക്ക് സംവിധാനം കുറ്റമറ്റരീതിയിൽ നടപ്പാക്കുമെന്നും, ജനങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യത്തിന് പോലീസുകാരെ നിയോഗിക്കുമെന്നും കോതമംഗലം എസ്.എച്ച്.ഒ യോഗത്തിൽ അറിയിച്ചു. ആംബുലൻസ് സൗകര്യം ഉൾപ്പെടെ 3 മെഡിക്കൽ ടീമിനെ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വന്യമൃഗശല്യമുളള ഏരിയയിൽ തീർത്ഥാടകരുടെ സുരക്ഷയ്ക്കായി വനം വകുപ്പിന്റെയും,ആർ.ആർ.റ്റി യുടേയും സാന്നിധ്യം ഉണ്ടാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തീർത്ഥാടകർക്ക് യാത്രക്കുളള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലേക്ക് കെ എസ് ആർ ടി സി അധിക സർവീസ് നടത്തുന്നതാണെന്ന് അറിയിച്ചു.
കോതമംഗലം പ്രദേശത്തെ പൊതുമരാമത്ത് റോഡുകളും, റോഡുകളോട് ചേർന്നുള്ള ഡ്രൈൻ സംവിധാനങ്ങളുമെല്ലാം കുഴികൾ അടച്ച് കുറ്റ മറ്റ നിലയിലാണെന്ന് ഉറപ്പു വരുത്തുമെന്ന് പൊതുമരാമത്ത് അധികൃതർ യോഗത്തെ അറിയിച്ചു. പ്രദേശത്ത് തടസ്സം വരാത്ത രീതിയിൽ പവർ സപ്ലൈ, കുടിവെളള വിതരണം എന്നിവ ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് യോഗം നിർദ്ദേശിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുമെന്നും, പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ വിധ സഹകരണങ്ങളും ഉണ്ടാകുമെന്നും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ അറിയിച്ചു.
കോതമംഗലം ചെറിയപള്ളി വികാരി ഫാ.ജോസ് മാത്യു തച്ചോത്തുകടി, കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി, വൈസ് ചെയർമാൻ സിന്ധു ഗണേശൻ, കോതമംഗലം തഹസിൽദാർ അനിൽകുമാർ എം. മുവാറ്റുപുഴ ഡി.വൈ.എസ്.പി ബൈജു പി.എം, കോതമംഗലം എസ്.എച്ച്.ഒ ബിജോയി പി.റ്റി,തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ ജോസഫ്, എബി ചേലാട്ട്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലിം ചെറിയാൻ, ബിനോയ് തോമസ്, ഡോ.റോയി എം ജോർജ്, ബേബി തോമസ്,
വിവിധ
വകുപ്പു മേധാവികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
