കോതമംഗലം :മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ – പോഷകാഹാര കിറ്റുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്നായി പഠിച്ചാൽ ഏതു പദവിയിലും എത്തിച്ചേരാൻ കഴിയും. നിയമരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണ്. ലഹരി പോലുള്ള തെറ്റായ മാർഗത്തിലേക്ക് പോകാതിരിക്കാൻ വിദ്യാർത്ഥികൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
സ്കൂളിന്റെ വികസനത്തിനും നാടിന്റെ ഉന്നമനത്തിനും എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകൾക്കുള്ള ഇൻവെർട്ടർ വിതരണോദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് നിർവഹിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ജി. പത്മകുമാർ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ അനിൽ ഭാസ്‌കർ മുഖ്യപ്രഭാഷണം നടത്തി. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ആർ.രജിത വിശിഷ്ടാതിഥിയായി. ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർമാരായ ഉല്ലാസ് മധു, ജിൻസിമോൾ കുര്യൻ, ഗവ. ഒബ്‌സെർവഷൻ ഹോം സൂപ്രണ്ട് പി.എസ് സിനി, റിസോഴ്‌സ് പേഴ്‌സൺ പ്രതിനിധി ടി.ഡി ജോർജ്‌കുട്ടി, രാജഗിരി ഔട്ട്‌റീച്ച് -കാവൽ പദ്ധതി പ്രോഗ്രാം കോഓഡിനേറ്റർ കെ.എം ജിൻഷ ബാബു, സ്പോൺസർമാരായ വൈസ്മെൻ ഇൻ്റർനാഷണൽ സോൺ ലഫ്റ്റനൻ്റ് റീജനൽ ഡയറക്‌ടർ ജിജോ വി. എൽദോ, തിരുകൊച്ചി പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ കെ.ആർ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
