കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ സദസ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കൽ അദ്ധ്യക്ഷനായി. നിരവധി ജനോപകാരപ്രദമായ നിയമങ്ങൾ മാറ്റി എഴുതിയ സർക്കാരുകളാണ് നമ്മുടെ രാജ്യത്തെ ഭരിക്കുന്നതെന്നും സേനയിലെ പോലീസുകാർ സ്വീകരിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനത്ത് ഒരു ആന്റി ടോർച്ചർ നിയമം കൊണ്ടുവരണമെന്നും അല്ലാതെ ജനമൈത്രി പോലീസ് എന്ന് പറയാൻ കഴിയില്ലെന്നും ഉദ്ഘാടനപ്രസംഗത്തിൽ പാർട്ടി മുൻ സംസ്ഥാന കമ്മിറ്റിയംഗം ജോൺസൻ കറൂകപ്പിള്ളിൽ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി തന്നെ നേരിട്ട് ഭരിക്കുന്ന അഭ്യന്തര വകുപ്പിൽ നടക്കുന്ന ഇത്തരം വീഴ്ച്ചകൾ ഒരു തൊഴിലാളിവർഗ്ഗ സർക്കാരിന് ഭൂഷണമല്ല എന്ന് സർക്കാരിന്റെ മുന്നണിയിലെ കക്ഷികൾ തന്നെ ജനങ്ങളോട് പറയുമ്പോൾ പോലും തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇവരെ ജനങ്ങൾ തിരുത്തുന്ന കാലം വിദൂരമല്ലെന്നും പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപിനാഥൻ പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി റെജി ജോർജ്, ട്രഷറാർ ലാലു മാത്യു, വനിത വിംഗ് പ്രസിഡന്റ് ശാന്തമമ ജോർജ്, സാജൻ വർഗ്ഗീസ്, കുമാരൻ സി കെ, രാജപ്പൻ എം.പി എന്നിവർ പ്രസംഗിച്ചു.
